ഡേവിഡ് വാര്‍ണര്‍ക്ക് സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം മത്സരത്തിലും ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 244 എന്ന നിലയിലാണ്. കരിയറിലെ 21-ാം സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറും (103) അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ സ്റ്റീവന്‍ സ്മിത്തും (65 നോട്ടൗട്ട്) ആണ് ഓസീസ് ഇന്നിങ്‌സിന് കരുത്തായത്. സ്മിത്തിനൊപ്പം ഷോണ്‍ മാര്‍ഷ് (31) ആണ് ക്രീസില്‍.

കാമറൂണ്‍ ബെന്‍ക്രോഫ്റ്റിനൊപ്പം ഓസീസിന് മികച്ച തുടക്കം സമ്മാനിച്ച വാര്‍ണര്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് സെഞ്ച്വറിയിലെത്തിയത്. 99-ല്‍ നില്‍ക്കെ അരങ്ങേറ്റ താരം ടോം കുറാന്റെ പന്തില്‍ വാര്‍ണര്‍ മിഡ് ഓണില്‍ ക്യാച്ച് നല്‍കിയിരുന്നെങ്കിലും നോബോള്‍ ആയത് അനുഗ്രഹമായി.

സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടനെ ജെയിംസ് ആന്റേഴ്‌സന്റെ പന്തില്‍ വാര്‍ണര്‍ പുറത്താവുകയും ചെയ്തു. ബാങ്ക്‌റോഫ്റ്റ് (26), ഉസ്മാന്‍ ഖവാജ (17) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍.

മികച്ച തുടക്കം ലഭിച്ചെങ്കിലും ഇംഗ്ലീഷ് പേസര്‍മാര്‍ പിടിമുറുക്കിയത് ഓസ്‌ട്രേലിയയുടെ സ്‌കോറിങ് വേഗത്തെ ബാധിച്ചു. ആന്റേഴ്‌സണ്‍, ബ്രോഡ്, വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.