യുദ്ധ പ്രഖ്യാപനം: ഉത്തരകൊറിയയുടെ ആരോപണം അമേരിക്ക നിഷേധിച്ചു

വാഷിങ്ടണ്‍: അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന ഉത്തരകൊറിയയുടെ ആരോപണം യു.എസ് നിഷേധിച്ചു. ഉത്തരകൊറിയ ഭീഷണി തുടര്‍ന്നാല്‍ അമേരിക്ക അധികാലം കാത്തിരിക്കുകയില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന യുദ്ധപ്രഖ്യാപനമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ ആരോപിച്ചിരുന്നു. വാക്‌പോരാട്ടങ്ങള്‍ യഥാര്‍ത്ഥ യുദ്ധത്തിലേക്ക് വഴുതിയേക്കുമോ എന്ന് അന്താരാഷ്ട്ര സമൂഹത്തിന് ഭയമുള്ളതായും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അമേരിക്ക യുദ്ധപ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും വ്യോമാതിര്‍ത്തിക്കുള്ളില്‍ അല്ലെങ്കില്‍ പോലും യു.എസ് പോര്‍വിമാനങ്ങള്‍ വെടിവെച്ചിടുമെന്നും റി കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ ട്രംപിന്റെ ട്വിറ്റുകള്‍ റി യോങ് ഹോ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. അമേരിക്ക യുദ്ധപ്രഖ്യാപനം നടത്തിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് പറഞ്ഞു. ശനിയാഴ്ച ഉത്തരകൊറിയയുടെ അതിര്‍ത്തിക്കു സമീപം യു.എസ് പോര്‍വിമാനങ്ങള്‍ ശക്തിപ്രകടനം നടത്തിയത് ഭീതിപരത്തിയിരുന്നു. അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയിലാണ് പോര്‍വിമാനങ്ങള്‍ പറന്നതെന്നും അതു ചെയ്യാന്‍ യു.എസിന് അവകാശമുണ്ടെന്നുമാണ് അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന്റെ വിശദീകരണം.
എന്നാല്‍ യുദ്ധഭീഷണികളും ശക്തിപ്രകടനങ്ങളും ആകസ്മികമായി തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോ എന്നാണ് ദക്ഷിണകൊറിയ അടക്കമുള്ള അയല്‍രാജ്യങ്ങളുടെ പേടി. യു.എസ് ഉത്തരകൊറിയയെ ആക്രമിച്ചാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരിക ദക്ഷിണകൊറിയ ആയിരിക്കും. അതുകൊണ്ട് എന്തു വില കൊടുത്തും യുദ്ധം ഒഴിവാക്കണമെന്നാണ് ദക്ഷിണകൊറിയ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

SHARE