യൂറോ യുദ്ധമുഖം

ലണ്ടന്‍:യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്‌ബോള്‍ ക്ലബിനെ തീരുമാനിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രണ്ട് മല്‍സരങ്ങളുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ പോര്‍ച്ചുഗലിലെ ചാമ്പ്യന്‍ ക്ലബായ എഫ്.സി പോര്‍ട്ടോയെ നേരിടുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രബലരായ ടോട്ടനവും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലാണ് രണ്ടാമത്തെ അങ്കം. ചുരുക്കത്തില്‍ മൂന്ന് ഇംഗ്ലീഷ് ക്ലബുകള്‍ ഇന്ന് കളത്തിലുണ്ട്.
സ്വന്തം മൈതാനത്താണ് ലിവര്‍പൂളിന്റെ പോരാട്ടം. നിരവധി സൂപ്പര്‍ താരങ്ങളുടെ ടീം. ജുര്‍ഗന്‍ ക്ലോപ്പെ എന്ന പരിശീലകന്‍ വ്യക്തമായി പറയുന്ന കാര്യം ആദ്യ പാദത്തില്‍ തകര്‍പ്പന്‍ വിജയം നേടുമെന്നാണ്. പ്രീമിയര്‍ ലീഗില്‍ അവസാനം നടന്ന മല്‍സരത്തില്‍ സൗത്താംപ്ടണെതിരെ 3-1 ന്റെ തകര്‍പ്പന്‍ വിജയം നേടിയ ആവേശത്തിലാണ് ക്ലോപ്പെ. മുഹമ്മദ് സലാഹ്. സാദിയോ മാനേ, ഫിര്‍മിനോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം നല്ല ഫോമിലാണ്. സലാഹിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ സലാഹ് നടത്തിയ പ്രകടനത്തെയാണ് കോച്ച് ഉദാഹരിച്ചത്. വലിയ മല്‍സരവേദിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സലാഹിന് കഴിയുന്നുണ്ട്. ബയേണിനെ പോലെ ശക്തരായ പ്രതിയോഗികളെ അവനരുടെ തട്ടകത്ത്് പോയി തോല്‍പ്പിക്കുക എന്നത് എളുപ്പമല്ലായിരുന്നു. പക്ഷേ സലാഹും സംഘവും കരുത്തോടെ കളിച്ചു. നിരവധി തവണ അദ്ദേഹം ഗോളിന് അരികില്‍ എത്തിയിരുന്നു. പതിനെട്ട്് ഗോളുകള്‍ ഈ സീസണില്‍ അദ്ദേഹം ക്ലബിനായി സ്‌ക്കോര്‍ ചെയ്തു. എഴോ എട്ടോ അസിസ്റ്റുകള്‍ നല്‍കി. ഇപ്പോല്‍ സലാഹ് പക്വമതിയായ രാജ്യാന്തര താരമാണ്. വലിയ വേദിയില്‍ എങ്ങനെ കളിക്കണമെന്നും അദ്ദേഹത്തിനറിയാമെന്ന് കോച്ച് പറഞ്ഞു. പ്രതിരോധമാണ് ലിവര്‍പൂളിന്റെ പ്രധാന ശക്തി. എല്ലാ മല്‍സരങ്ങളിലും ശക്തമായ പ്രകടനമാണ് ഡിഫന്‍സ് കാഴ്ച്ചവെക്കുന്നത്. മധ്യനിരയില്‍ വിര്‍ജില്‍ വാന്‍ ഡിജിക്കിനെ പോലെയുള്ള അനുഭവസമ്പന്നരുമുണ്ട്. പോര്‍ട്ടോയെ ദുര്‍ബലരായി കാണുന്നില്ല. പോര്‍ച്ചുഗീസ് ലീഗിലെ കരുത്തരാണവര്‍. ഇകര്‍ കസിയസിനെ പോലെ അനുഭവസമ്പന്നരായ താരങ്ങള്‍ ആ സംഘത്തില്‍ കളിക്കുന്നുണ്ട്.
രണ്ടാം ക്വാര്‍ട്ടര്‍ ഇംഗ്ലീഷ് യുദ്ധമാണ്. പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും നേര്‍ക്കുനേര്‍. സ്വന്തം മൈതാനത്താണ് ടോട്ടനത്തിന്റെ വെല്ലുവിളി. പുതിയ സ്‌റ്റേഡിയത്തില്‍ ടീം കളിക്കുന്ന ആദ്യ പ്രധാന പോരാട്ടമാണിത്. കഴിഞ്ഞയാഴ്ച്ച കൃസ്റ്റല്‍ പാലസിനെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തോടെയായിരുന്നു പുതിയ വേദി ഉണര്‍ന്നത്. എന്നാല്‍ സിറ്റിയെ പോലെ ശക്തരായ പ്രതിയോഗികള്‍ വരുമ്പോള്‍ ഹാരി കീനും സംഘവും സമ്മര്‍ദ്ദത്തിലാണ്. ഗോള്‍വേട്ടക്കാരാണ് സിറ്റിക്കാര്‍. സെര്‍ജി അഗ്യൂറോ, ഗബ്രിയേല്‍ ജീസസ്, റഹീം സ്‌റ്റെര്‍ലിങ് തുടങ്ങിയവര്‍. സമീപകാലത്ത് ഇവര്‍ കളിച്ച മല്‍സരങ്ങളിലെല്ലാം ഗോള്‍ വര്‍ഷം നടത്തിയിട്ടുണ്ട്. ടോട്ടനം കോച്ച് പച്ചിറ്റീനോ ഈ മുന്നറിയിപ്പാണ് സ്വന്തം ഗോല്‍ക്കീപ്പര്‍ക്കും പിന്‍നിരക്കും നല്‍കുന്നത്. ചെറിയ പിഴവ് സംഭവിച്ചാല്‍ അത് ഉപയോഗപ്പെടുത്തുന്നവരാണ് പെപ് ഗൂര്‍ഡിയോളയുടെ മുന്‍നിരക്കാര്‍. അതിനാല്‍ കണിശ ജാഗ്രതയാണ് അദ്ദേഹം ഡിഫന്‍സിന് നല്‍കുന്നത്. കാണികളായിരിക്കും ഇന്ന് പച്ചിറ്റിനോയുടെ പ്രധാന ആയുധം. പുതിയ സ്റ്റേഡിയം ആരാധകരാല്‍ നിറയുമ്പോള്‍ ആ ശക്തിയെ പ്രയോജനപ്പെടുത്താനാണ് നായകന്‍ ഹ്യുഗോ ലോറിസും പറയുന്നത്. എന്നാല്‍ കാണികളെ ഭയക്കുന്നില്ലെന്നാണ് ഗുര്‍ഡിയോളയുടെ മറുപടി. സിറ്റി കളിക്കുന്ന എല്ലാ മല്‍സരങ്ങളും ഏതാണ്ട് നിറഞ്ഞ് കവിയുന്ന ആള്‍ക്കൂട്ടമാണ്. അവര്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തെ അതിജയിക്കാന്‍ പ്രയാസമില്ലെന്നാണ് ഗുര്‍ഡിയോള പറയുന്നത്.

SHARE