വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ച നടപടി ദുരുദ്ദേശപരം: കെ.പി.എ മജീദ്


കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശ്യപരമാണ്. ഇത് അടിയന്തര പ്രാധാന്യമുളള വിഷയമല്ല. നിയമനം പിഎസ്സിക്ക് വിട്ടാല്‍ വിശ്വാസികളെ നിയമിക്കാനാവില്ല. ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് പോലെ പ്രത്യേക സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെയാണ് ഇതുസംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനമുണ്ടായത്. വഖഫ് ബോഡിന് കീഴിലുള്ള ഹെഡ് ഓഫീസിലെയും 8 മേഖല ഓഫീസുകളിലെയും 200ഓളം തസ്തികകളിലാണ് ഇതോടെ പിഎസ്സിക്ക് നിയമനം നടത്താനാവുക.

2017ല്‍ തന്നെ പിണറായി സര്‍ക്കാര്‍ ഇതിനുള്ള തീരുമാനമെടുത്തെങ്കിലും അന്ന് നടപ്പാക്കാനായില്ല. യുഡിഎഫിന്റെ നിയന്ത്രണത്തിലുള്ള ബോര്‍ഡ് ചട്ടങ്ങളും വ്യവസ്ഥകളും തയ്യാറാക്കി നല്‍കിയിരുന്നില്ല. സംസ്ഥാനതലത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ലീഗും ചില മുസ്ലിം സംഘടനകളും അന്ന് നടത്തിയത്.

പിഎസ്സി മുഖേന നിയമനം നടക്കുമ്പോള്‍ മതവിശ്വാസികളല്ലാത്തവരും നിയമിക്കപ്പെടും. ഇത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനവാദം. അതേ സമയം ദേവസ്വംബോര്‍ഡില്‍ ബോര്‍ഡാണ് നിയമനം നടത്തുന്നത്. അതേ വ്യവസ്ഥ വഖഫ് സ്ഥാപനങ്ങളില്‍ വേണമെന്നാണ് മുസ്ലിം ലീഗടക്കമുള്ള കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നത്. വഖഫ് ബോര്‍ഡിലെ ലീഗിന്റെയും ചില മുസ്ലീം സംഘടനകളുടെയും നിയന്ത്രണം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

SHARE