ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലാവുംമുന്നേ രൂപം മാറി രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നതായി സൂചന. ഡൊംലൂര്‍ എന്‍ഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാന്‍ എത്തിച്ചപ്പോള്‍ അവരുടെ മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തിയതായി വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ മാറ്റം വരുത്തിയാണോ സ്വപ്ന സുരേഷും സന്ദീപും ഒളിവില്‍ പോയതെന്നും വ്യക്തമല്ല. ഇന്നലെ സന്ദീപിന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ സഹോദരന്റെ ഫോണിലേക്ക് വന്ന രണ്ട് കോളുകളാണ് ഇരുവരുടെയും അറസ്റ്റിലേക്ക് വഴി തെളിച്ചതെന്നാണ് സൂചന. ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണ്‍ ചെയ്തതും കുരക്കായതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നിന്നു ലഭിച്ച സൂചന എന്‍ഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും കര്‍ണാടകയില്‍ നിന്നും വനിതാ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നാണ് വിവരം. ശനിയാഴ്ച മൈസൂരുവില്‍നിന്നാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയെ ബെംഗളൂരുവില്‍നിന്നും. ഇരുവരേയും എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവില്‍ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്. മുന്‍കൂര്‍ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി കൊച്ചിയിലും എത്തിയിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവര്‍ ബെംഗളൂരുവിലേക്കു കടന്നത്. സ്വപ്നയും സന്ദീപും ഒറ്റയ്ക്കാണ് ബെംഗളൂരുവിലെത്തിയത്. സ്വപ്നയോടൊപ്പം കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും എന്‍ഐഎ സംഘം ഇത് തള്ളി. ബംഗളൂരുവിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സ്വപ്ന തിരുവനന്തപുരത്തുനിന്ന് രക്ഷപെടുമ്പോള്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. നഗരത്തിലെ ശക്തമായ പോലീസ് സന്നാഹം മറികടന്ന് സ്വപ്ന കൊച്ചിയില്‍ എത്തിയത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. കൊച്ചിയിലെത്തിയപ്പോള്‍ ഒരു സുഹൃത്തില്‍ നിന്ന് പണം വാങ്ങാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ നിന്നും അതിര്‍ത്തി കടന്ന കനത്ത സുരക്ഷയുള്ള ബംഗളൂരുവില്‍ എത്തിയതിലും പല ഉന്നത ബന്ധങ്ങളുടെ ഇടപടലുണ്ടായതായ സൂചനകളുമുണ്ട്.
ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയ എന്‍ഐഎ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. റോഡ് മാര്‍ഗമാണ് ഇരുവരെയും കൊച്ചിയിലേക്ക് എത്തിക്കുക. ഇവരെയും കൊണ്ടുള്ള എന്‍.ഐ.എ. സംഘം ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടതായും വിവരമുണ്ട്. കൊച്ചിയില്‍ എത്തിച്ചതിനു ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും എന്‍.ഐ.എയെ കോടതിയില്‍ ഹാജരാക്കുക.