ഗവര്‍ണര്‍മാരെ ഇംപീച്ച് ചെയ്യുന്നതിനുള്ള വ്യവസ്ഥയുണ്ടാകണമെന്ന് ഇ.ടി

തിരൂര്‍: ഗവര്‍ണര്‍മാരുടെ നിയമന രീതിയില്‍ മാറ്റം അനിവാര്യമാണെന്നും ഗവര്‍ണര്‍മാരെ ഇംപീച്ച് ചെയ്യുന്നതിനും വ്യവസ്ഥയുണ്ടാകണമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഗവര്‍ണര്‍മാരെക്കൊണ്ട് ഭരിപ്പിക്കുക എന്നതാണ് കേന്ദ്രം ചെയ്യുന്നത്. ഇത് തെറ്റായ പ്രവണതയാണ്. രാഷ്ട്രപതിയെ തെരഞ്ഞെടുക്കണമെങ്കില്‍ എം.പിമാരും എം.എല്‍.എമാരും വോട്ട് ചെയ്യണം. രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാനും നിയമമുണ്ട്. എന്നാല്‍ ഗവര്‍ണറുടേത് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയമനമാണ്. ഇംപീച്ച്‌മെന്റിന് വ്യവസ്ഥയുമില്ല. ഈ രീതിയില്‍ മാറ്റംവരണം, ഇടി പറഞ്ഞു.

പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, അതത് സംസ്ഥാന മുഖ്യമന്ത്രി എന്നിവരുള്‍പ്പെട്ട കമ്മിറ്റി ഗവര്‍ണറെ സെലക്ട് ചെയ്യണമെന്നും ഇംപീച്ച് ചെയ്യാന്‍ വ്യവസ്ഥയുണ്ടാകണമെന്നും സര്‍ക്കാരിയ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണം. ഗവര്‍ണറെ ഇംപീച്ച് ചെയ്യുന്നതിനും വ്യവസ്ഥയുണ്ടാകണമെ്ന്നും ഇടി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പടര്‍ന്നിരിക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ അടവാണ് ഡല്‍ഹിയില്‍ കൊണ്ടുവന്നിരിക്കുന്ന ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.എ)മെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.പറഞ്ഞു. മലപ്പുറം ജില്ലയിലെ തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാതൊരു കുറ്റവും ചെയ്യാത്തവരെ പേടിപ്പിച്ച് പിടിച്ച് കൊണ്ടുപോകാനുള്ള നിയമമാണിത്. ചാര്‍ജ് ഷീറ്റില്ലാതെ ഒരു വര്‍ഷം വരെ ജയിലില്‍ അടക്കാനുള്ള ക്രൂരമായ നിയമം അപകടകരമാണ്. ജനകീയ ജനാധിപത്യ സമരത്തെ അടിച്ചൊതുക്കാന്‍ മാത്രം ലക്ഷ്യമിട്ടാണ് ഈ നീക്കം. തലസ്ഥാനമെന്ന നിലയില്‍ പ്രക്ഷോഭങ്ങളുടെ കേന്ദ്രമാണ് ഡല്‍ഹി. സ്ത്രീകളും കുട്ടികളുമടക്കം ഡല്‍ഹിയില്‍ സമര മുഖത്തുണ്ട്. നിരപപാധികളെ ജയിലിലടക്കാനുള്ള ശ്രമം ചെറുക്കും. കരിനിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരും. ദേശീയ തലത്തില്‍ സമരം ശക്തമായി മുന്നോട്ട് പോവുകയാണ്. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് സമരം നടക്കുന്നത്. ഇന്റര്‍നെറ്റ് നിരോധനത്തിലൂടെ വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജെ.എന്‍.യു, ജാമിഅ, അലിഗഡ് തുടങ്ങിയ കാമ്പസുകള്‍ സമരത്തിന് ഊര്‍ജം പകരുന്നു. സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.