കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് സൂചന

കാലവര്‍ഷം ശക്തിപ്രാപിച്ചില്ലെങ്കില്‍ ഇക്കുറി സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് സൂചന. വേനലില്‍ വറ്റിത്തുടങ്ങിയ ഡാമുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയില്‍ കാര്യമായ ജലസമൃദ്ധി ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച മുതല്‍ ചില സ്ഥലങ്ങളില്‍ മഴ പെയ്തു വരികയാണെങ്കിലും പ്രയോജനപ്രദമാകുന്നില്ല. കാലവര്‍ഷം അടുത്ത ദിവസത്തോടെ സംസ്ഥാനത്തെത്തുമെന്ന പ്രചവനത്തിലാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ.
നിലവില്‍ ഡാമുകളില്‍ മൊത്തം സംഭരണശേഷിയുടെ 16 ശതമാനം വെള്ളം മാത്രമാണിപ്പോള്‍ ശേഷിക്കുന്നത്. ഇതില്‍ വൈദ്യുതോല്‍പ്പാദനത്തിന് ഉപയോഗിക്കാവുന്നത് 10 ശതമാനത്തില്‍ താഴെ മാത്രമാണ്. ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിലൊന്നും കാര്യമായ മഴ ലഭിക്കാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. പ്രധാന ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് ദിവസേന വലിയ അളവില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ആകെ ശേഷിയുടെ 20 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചപ്പോഴും ഇടുക്കിയിലെ പദ്ധതി പ്രദേശത്ത് 0.08 മില്ലീലിറ്ററും ശബരിഗിരിയില്‍ 16 മില്ലീലിറ്ററുമാണ് ലഭിച്ചത്. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയില്‍ വെറും പതിമൂന്ന് ശതമാനവും. ഇടുക്കി ഡാമില്‍ 705.502 മീറ്ററുമാണ് ജലനിരപ്പ്. ശബരിഗിരിയുടെ പ്രധാന സംഭരണിയായ കക്കിയില്‍ 939.058 മീറ്ററും ഉപസംഭരണിയായ പമ്പാഡാമില്‍ 963.05 മീറ്ററും നിരപ്പിലാണ് വെള്ളമുള്ളത്.
കനത്ത ചൂട് മൂലം വലിയ തോതിലുള്ള ഉപഭോഗമാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ സംസ്ഥാനത്തുണ്ടായത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും വിവിധ പരീക്ഷകളും മുന്‍നിര്‍ത്തി പവര്‍കട്ടും ലോഡ് ഷെഡിംഗും വൈദ്യുതി ബോര്‍ഡ് ഒഴിവാക്കുകയായിരുന്നു. ഇടുക്കിയിലും ശബരിഗിരിയിലുമുള്‍പ്പെടെയുള്ള പദ്ധതികളിലെല്ലാം വൈകുന്നേരങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉല്‍പ്പാദനം കൂടുതല്‍ അളവില്‍ നടത്തുന്നത്. മറ്റു പ്രധാന സംഭരണികളായ ഷോളയാറില്‍ പതിനൊന്നും ഇടമലയാറില്‍ പത്തും കുണ്ടളയില്‍ പതിമൂന്നും മാട്ടുപ്പെട്ടിയില്‍ പന്ത്രണ്ടും ശതമാനം വെള്ളമാണിപ്പോഴുള്ളത്.
268 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം സംസ്ഥാനത്തെ ജലസംഭരണികളിലുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം 983.68 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഈ വര്‍ഷം വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. പ്രത്യേകിച്ച് അവസാന മൂന്ന് മാസങ്ങളില്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗവും ഈ വര്‍ഷം രേഖപ്പെടുത്തി. വോട്ടെണ്ണല്‍ ദിനമായ മെയ് 23 ലെ 88.336 ദശലക്ഷം യൂണിറ്റ് ഉപഭോഗമാണ് റെക്കോഡായത്. പ്രതിദിന ഉപഭോഗം കഴിഞ്ഞ ദിവസം മുതല്‍ നേരിയ കുറവുണ്ടായത് ബോര്‍ഡിന് ആശ്വാസം നല്‍കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വൈദ്യുതി പുറത്തു നിന്നെത്തിച്ചതും ഈ വര്‍ഷമാണ്.