സാമൂഹ്യ അകലം ഉറപ്പാക്കി വിവാഹ ചടങ്ങ്; പിപിഇ കിറ്റ് ധരിച്ച് സദ്യ വിളമ്പല്‍-വീഡിയോ വൈറല്‍

ഹൈദരാബാദ്: കോവിഡ് കാലത്ത് എല്ലാ ആഘോഷങ്ങളും പൊതുപരിപാടികളുമെല്ലാം ആകെ കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ വൈറസ് കാലത്തും ഒഴിച്ചുകൂടാനാവാത്ത ആവശ്യ പരിപാടികളും ആചാരങ്ങളും മറ്റും നിയന്ത്രണങ്ങളോടെ നടന്നുപോരുന്നുമുണ്ട്. അങ്ങനെ മഹാമാരിയുടെ ഇടയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ഒരു കല്ല്യാണ പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഭക്ഷണം വിളമ്പാന്‍ പിപിഇ കിറ്റും ധരിച്ചെത്തിയ കാറ്ററിങ് തൊഴിലാളികളുടെ ചിത്രങ്ങള്‍ ഇതിനകം സാമൂഹ്യമാധങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ജൂലായ് 22-ന് ആന്ധ്രയില്‍ നടന്ന ഒരു വിവാഹ സദ്യയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് നിരത്തിയ ഊണുമേശകള്‍, പിപിഇ കിറ്റ് ധരിച്ച വെപ്പ് ടീം, കടുത്ത ജാഗ്രതയോടെ കല്യാണം കല്ല്യാണ വീട്ടിലെക്കാഴ്ചകള്‍ ഇങ്ങനെയൊക്കെയാണ്.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സദ്യയെന്ന വിവാഹടീമിന്റെ നിര്‍ബന്ധമാണ് ഹാളില്‍നടന്ന കല്ല്യാണത്തെ മാതൃകാ പരിപാടിയാക്കിമാറ്റിയത്. മൂന്നുമാസത്തിന് ശേഷമാണ് കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലുളള കോട്ടി കാറ്റേഴ്സിന് വിവാഹസദ്യയ്ക്കുള്ള ഓര്‍ഡര്‍ കിട്ടുന്നത്. 150-200 പേര്‍ക്കുളള ഭക്ഷണം ഒരുക്കാനാണ് അവരോട് വീട്ടുകാര്‍ ആവശ്യപ്പെട്ടത്.

ഇതിന്റെ ഭാഗമായാണ് കാറ്ററിങ് ജീവനക്കാരോട് പിപിഇ കിറ്റുകള്‍ ധരിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. 12 പേരാണ് ഭക്ഷണം വിളമ്പുന്നതിനായി പിപിഇ കിറ്റ് ധരിച്ച് എത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇവരുടെ ശരീര താപനിലയും പരിശോധിച്ചിരുന്നു. സാനിറ്റൈസറും സാമൂഹിക അകലവും പാലിച്ചുകൊണ്ട് മാനദണ്ഡങ്ങള്‍ ഒന്നും തെറ്റിക്കാതെ ആയിരിന്നു വിവാഹം. ന്ിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹം നടന്നതോടെ ചിത്രങ്ങള്‍ സാമൂഹ്യമാധങ്ങളും ഏറ്റുപിടിക്കുകയായിരുന്നു.