പ്രവാസികള്‍ക്കായി ഇപ്പോള്‍ ഒരു 40 കോടി ചെലവഴിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് നോര്‍ക്ക? ലോക കേരള സഭ? – വി.ടി ബല്‍റാം

തിരുവനന്തപുരം: രണ്ടര മാസത്തിനുള്ളില്‍ കേരളത്തിലേക്ക് വരുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ടിക്കറ്റ് സൗജന്യമായി കൊടുത്താല്‍ പോലും ആകെ ചെലവ് വരുന്നത് നാല്‍പ്പതു കോടി രൂപ മാത്രമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഒരവശ്യ സമയത്ത് ഇത്രയും തുക ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് നോര്‍ക്കയും ലോക കേരളസഭയുമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലാണ് കോണ്‍ഗ്രസ് എം.എല്‍.എയുടെ പ്രതികരണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും ഇതുപോലെ ഏകദേശം 30 കോടി രൂപ വേണ്ടി വന്നേക്കാം. അപ്പോഴും ആകെ നൂറു കോടി രൂപയാണ് വേണ്ടത്. കോവിഡ് തുടങ്ങിയതിന് ശേഷം മാത്രം ഏതാണ്ട് 230 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്നുവെന്നാണ് കണക്ക്. പ്രളയകാലത്ത് കിട്ടിയ തുക ചെലവഴിക്കാത്തതടക്കം ആകെ 1517 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ ഇപ്പോഴും ബാക്കിയുണ്ട്. ഈ നിധിയില്‍ നിന്ന് തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടി ഒരു 100 കോടി രൂപ ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലേ?- അദ്ദേഹം ചോദിച്ചു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പഞ്ചാബില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള അന്തര്‍ സംസ്ഥാനത്തൊഴിലാളികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്താനായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ സര്‍ക്കാര്‍ ഒന്നാം ഘട്ടമായി 35 കോടി രൂപ അനുവദിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരമാണിത്. സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തുക കൈമാറുകയും അവര്‍ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ടിക്കറ്റെടുക്കാന്‍ റയില്‍വേക്ക് പണം നല്‍കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് വാര്‍ത്തകളില്‍ കാണുന്നു.

ഇത്തരമൊരു തീരുമാനം കേരളമടക്കം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വീകരിക്കാവുന്നതേയുള്ളൂ. കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതും പറഞ്ഞ് സംസ്ഥാനങ്ങള്‍ കൂടി ഒഴിഞ്ഞുമാറിയാല്‍ ദുരിതത്തിലാവുന്നത് ആഴ്ചകളായി ഒരു വരുമാനവുമില്ലാതെ നരകിക്കുന്ന സാധാരണ തൊഴിലാളികളാണ്.

യഥാര്‍ത്ഥത്തില്‍, ഈയൊരാവശ്യം സര്‍ക്കാരുകളുടെ മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് തൊഴിലാളികളുടെ യാത്രാച്ചെലവ് പാര്‍ട്ടി തലത്തില്‍ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെമ്പാടും കോണ്‍ഗ്രസ് മുന്നോട്ടു വന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലക്ക് ഏറ്റെടുത്ത് നടപ്പാക്കുമെങ്കിലും കോണ്‍ഗ്രസ് എന്നത് അടിസ്ഥാനപരമായി ഒരു സന്നദ്ധ സംഘടനയോ ചാരിറ്റി ഓര്‍ഗനൈസേഷനോ അല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ട ആളുകളേക്കൊണ്ട് അത് ചെയ്യിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തമാണ് പാര്‍ട്ടികള്‍ നിര്‍വ്വഹിക്കേണ്ടത്. ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ്, അതിന് അവരെ നിര്‍ബ്ബന്ധിതരാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മം.

ഇതറിഞ്ഞിട്ടും അറിയാത്ത മട്ടില്‍ കണ്ണടച്ചിരുട്ടാക്കുകയാണ് കേരള സര്‍ക്കാരും ന്യായീകരണക്കാരും. അവര്‍ കോണ്‍ഗ്രസിന്റെ ഇടപെടലുകളെ പരിഹസിച്ചും അധിക്ഷേപിച്ചും സര്‍ക്കാരിന്റെ വീഴ്ചകളേയും തൊഴിലാളികളോടുള്ള ക്രൂരമായ അവഗണനയേയും മറച്ചുവയ്ക്കാനുള്ള പാഴ്ശ്രമത്തിലാണ്. കുഴലൂത്തുകാരായ ചില മാധ്യമ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് എങ്ങനെയായിരുന്നു സഹായധനം കളക്ടര്‍മാര്‍ക്ക് കൈമാറേണ്ടിയിരുന്നത് എന്നതിലെ സാങ്കേതികത്വം വിശദീകരിച്ച് ക്ലാസെടുത്ത് നിഷ്‌ക്കു കളിക്കുന്നു. പ്രവാസികള്‍ സ്വന്തം നിലക്ക് ടിക്കറ്റെടുത്താണ് തിരിച്ചു വരുന്നതെങ്കിലും ക്വാറന്റീനില്‍ കഴിയുന്ന 14 ദിവസം ഞങ്ങള്‍ ഭക്ഷണം നല്‍കുന്നില്ലേ എന്ന് ഭരണപക്ഷ എംഎല്‍എമാര്‍ എച്ചിക്കണക്ക് പറയുന്നു. പോരാളി ഷാജിയുടെ അഡ്മിന്‍ പാനലിലേക്ക് റിക്രൂട്ട്‌മെന്റിന് അര്‍ഹത തെളിയിച്ച അടിമ ജീവിതങ്ങളാവട്ടെ പ്രവാസികള്‍ക്ക് നൂറ് ടിക്കറ്റല്ല കോണ്‍ഗ്രസ് പതിനായിരം ടിക്കറ്റ് എടുത്ത് നല്‍കാത്തതെന്തേ എന്നാണ് ചോദിക്കുന്നത്!

‘അതിഥി തൊഴിലാളി’ എന്ന് സര്‍ക്കാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു അന്തര്‍സംസ്ഥാനത്തൊഴിലാളിക്ക് മടക്കയാത്രക്കുള്ള റയില്‍വേ ടിക്കറ്റ് നിരക്ക് ഏതാണ്ട് 750-800 രൂപയാണ്. ബ്രഡും പഴവും വെള്ളക്കുപ്പിയും അടക്കം പരമാവധി ഒരാള്‍ക്ക് വേണ്ടത് 1000 രൂപ. 3 ലക്ഷം തൊഴിലാളികളാണ് പോകാന്‍ ആഗ്രഹിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. അവര്‍ക്ക് ആകെക്കൂടി വേണ്ടത് 3 ലക്ഷം ത 1000 = 30 കോടി രൂപ. ഇത്രയും തുക സംസ്ഥാന സര്‍ക്കാരിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നെടുത്ത് ചെലവഴിക്കുന്നതില്‍ എന്താണ് തടസ്സം? ഒന്നുമില്ലെങ്കിലും ഈ ദിവസം വരെ ഇവിടെ താമസിച്ച് ഇവിടത്തെ മാര്‍ക്കറ്റില്‍ നിന്ന് അരിയും പഞ്ചസാരയും എണ്ണയും ഉപ്പും മുളകുമൊക്കെ വാങ്ങി അതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ നികുതി സംസ്ഥാന ഖജനാവിലേക്ക് വരുമാനമുണ്ടാക്കിയിരുന്നവരല്ലേ ഈ തൊഴിലാളികളൊക്കെ? ഒരു ദുരിതകാലത്ത് വെറുംകയ്യോടെ നാട്ടിലേക്ക് തിരിച്ചു പോകുന്ന അവര്‍ക്ക് ഒരു 30 കോടിയുടെയെങ്കിലും സഹായം ചെയ്യാന്‍ വാക്കുകളില്‍ തേനൊലിപ്പിക്കുന്ന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലേ?

ഇനി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ കാര്യം. വിവിധ രാജ്യങ്ങളില്‍ നിന്നായി ഈയാഴ്ച കേരളത്തിലേക്ക് ആകെ വരുന്നത് 15 വിമാനങ്ങളാണ്. ഒരു വിമാനത്തില്‍ 180 ഓളം ആളുകള്‍ വരുന്നു. അതായത് ആകെ ഒരാഴ്ചകൊണ്ട് വരുന്നത് 2700 പ്രവാസികള്‍. ഒരാള്‍ക്ക് ടിക്കറ്റിന് 15,000 രൂപ കണക്കാക്കിയാല്‍ 2700 പേര്‍ക്ക് വേണ്ടിവരുന്നത് ഏതാണ്ട് 4 കോടി മാത്രം. അടുത്ത പത്താഴ്ചത്തേക്ക്, അതായത് രണ്ടര മാസത്തിനുള്ളില്‍ വരുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ടിക്കറ്റ് സൗജന്യമായി കൊടുത്താലും ആകെ ചെലവ് 40 കോടി മാത്രം! കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് നിര്‍ണ്ണായക പിന്തുണയേകുന്ന പ്രവാസികള്‍ക്ക് വേണ്ടി ഒരു ആവശ്യ സമയത്ത് 40 കോടി ചെലവഴിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് കഴിയില്ലെങ്കില്‍ പിന്നെന്തിനാണ് ഇവിടെയൊരു നോര്‍ക്ക വകുപ്പ്? എന്തിനാണ് ലോക കേരള സഭ?

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും ഇതേമട്ടില്‍ ഏതാണ്ട് 30 കോടി രൂപ വേണ്ടി വന്നേക്കാം. അപ്പോഴും ആകെ 30+30+40= 100 കോടി രൂപ മതി.

കോവിഡ് തുടങ്ങിയതിന് ശേഷം മാത്രം ഏതാണ്ട് 230 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്നുവെന്നാണ് കണക്ക്. പ്രളയകാലത്ത് കിട്ടിയ തുക ചെലവഴിക്കാത്തതടക്കം ആകെ 1517 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ ഇപ്പോഴും ബാക്കിയുണ്ട്. ഈ നിധിയില്‍ നിന്ന് തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടി ഒരു 100 കോടി രൂപ ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലേ? അതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ എന്നതാണ് യഥാര്‍ത്ഥ ചോദ്യം. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും സ്വന്തം നിലക്ക് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പരിഹസിച്ചും കുറ്റപ്പെടുത്തിയും സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാമെന്ന് കരുതരുത്.

പഞ്ചാബിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള അന്തർ സംസ്ഥാനത്തൊഴിലാളികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്താനായി…

VT Balram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಮೇ 8, 2020