ഗെയില്‍ പദ്ധതിക്ക് സര്‍ക്കാറിന് നിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ

കോഴിക്കോട്: ഗെയില്‍ പദ്ധതിക്ക് സര്‍ക്കാറിന് നിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ. സ്ഥലത്തിന്റെ ഇന്നത്തെ വിപണിവിലയുടെ 25% തുക ആദ്യം തന്നെ നല്‍കുക. റൈറ്റ് ഓഫ് യൂസിന് പ്രതിഫലമായി സ്ഥലവിലയുടെ 10% എല്ലാ വര്‍ഷവും ഉടമകള്‍ക്ക് ആന്യുറ്റി ആയി നല്‍കുക. തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ബല്‍റാം മുന്നോട്ട് വെക്കുന്നത്.

ഗെയില്‍ പദ്ധതിക്കായി കടലിലൂടെയും മറ്റുമുള്ള പുതിയ അലൈന്‍മെന്റ് പരിഗണിക്കാതെ ഇപ്പോഴുള്ള അലൈന്‍മെന്റ് തന്നെ തുടരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സ്ഥലമെടുപ്പില്‍ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയാണെന്ന് വി.ടി ബല്‍റാം പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്

‘ആശങ്കള്‍ അകറ്റുന്നതിനുള്ള ശാസ്ത്രീയ വിശദീകരണങ്ങള്‍ നല്‍കാനും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്താനും സാങ്കേതിക വിദഗ്ദരും ജനങ്ങളും ഉള്‍പ്പെടുന്ന സ്ഥിരം പരിശോധനാ സംവിധാനങ്ങള്‍ ഉണ്ടാക്കാനും സര്‍ക്കാര്‍ ഔദ്യോഗികമായിത്തന്നെ കടന്നുവരണം’

പാലക്കല്‍പീടിക, മുക്കം, എന്നിവിടങ്ങളിലും മറ്റിടങ്ങളിലും സമരക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളേക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ തയ്യാറാകണം. സമരവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കെതിരെ എടുത്തിട്ടുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം.

ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തി അടിച്ചമര്‍ത്തിക്കൊണ്ടല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഓരോ വികസനപദ്ധതിയും നടപ്പിലാക്കപ്പെടേണ്ടത്. നന്ദിഗ്രാമും സിംഗൂരും നമുക്ക് മാതൃകയാവരുത്

ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം

ഗെയ്ല്‍ പദ്ധതിക്കായി കടലിലൂടെയും മറ്റുമുള്ള പുതിയ അലൈന്‍മെന്റ് പരിഗണിക്കാതെ ഇപ്പോഴുള്ള അലൈന്‍മെന്റ് തന്നെ തുടരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സ്ഥലമെടുപ്പില്‍ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാന്‍ ആഗ്രഹിക്കുന്നു.

1) ഗെയ്ല്‍ ഏറ്റെടുക്കുന്ന 20 മീറ്റര്‍ വീതിയിലെ സ്ഥലം ഇനി ഏതായാലും കാര്യമായ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ വില്‍ക്കാനോ ഉടമകള്‍ക്ക് കഴിഞ്ഞുവെന്ന് വരില്ല. ഭൂമി തുണ്ടുതുണ്ടായി മാറിക്കഴിഞ്ഞിരിക്കുന്ന, അങ്ങേയറ്റം ജനസാന്ദ്രമായ കേരളം പോലുള്ള ഒരു നാട്ടില്‍ ഇത് ചെറുകിട ഭൂവുടമകള്‍ക്ക് അങ്ങേയറ്റം ദോഷകരമാണ്. ആയതിനാല്‍ സ്ഥലത്തിന്റെ ഇന്നത്തെ വിപണിവിലയുടെ 25% തുക ആദ്യം തന്നെ നല്‍കുക. റൈറ്റ് ഓഫ് യൂസിന് പ്രതിഫലമായി സ്ഥലവിലയുടെ 10% എല്ലാ വര്‍ഷവും ഉടമകള്‍ക്ക് ആന്യുറ്റി ആയി നല്‍കുക. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ഇതൊരു ഉപജീവനമാര്‍ഗ്ഗമായി മാറും.

2) സുരക്ഷയേക്കുറിച്ചുള്ള ആശങ്കകള്‍ ഇന്നും ശക്തമാണ്. മുന്‍കാലത്ത് സിപിഎമ്മിന്റെ അടക്കം നേതാക്കള്‍ ഗെയ്ല്‍ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത് പ്രചരിപ്പിച്ച് പൊലിപ്പിച്ച ‘വാതക ബോംബ്’ എന്നൊക്കെയുള്ള ഭീഷണികള്‍ ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും പ്രബലമാണ്. ഭരണം മാറുന്നതിനനുസരിച്ച് ഒറ്റയടിക്ക് നിലപാട് മാറ്റേണ്ട അവസ്ഥ സാധാരണ ജനങ്ങള്‍ക്കില്ലല്ലോ! ആയതിനാല്‍ അത്തരം ആശങ്കള്‍ അകറ്റുന്നതിനുള്ള ശാസ്ത്രീയ വിശദീകരണങ്ങള്‍ നല്‍കാനും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്താനും സാങ്കേതിക വിദഗ്ദരും ജനങ്ങളും ഉള്‍പ്പെടുന്ന സ്ഥിരം പരിശോധനാ സംവിധാനങ്ങള്‍ ഉണ്ടാക്കാനും സര്‍ക്കാര്‍ ഔദ്യോഗികമായിത്തന്നെ കടന്നുവരണം.

3) പാലക്കല്‍പീടിക, മുക്കം, എന്നിവിടങ്ങളിലും മറ്റിടങ്ങളിലും സമരക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളേക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ തയ്യാറാകണം. സമരവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കെതിരെ എടുത്തിട്ടുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം.

ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തി അടിച്ചമര്‍ത്തിക്കൊണ്ടല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഓരോ വികസനപദ്ധതിയും നടപ്പിലാക്കപ്പെടേണ്ടത്. നന്ദിഗ്രാമും സിംഗൂരും നമുക്ക് മാതൃകയാവരുത്.

SHARE