വലിയ വായില്‍ വനിതാ മതിലും ലിംഗനീതിയും പറഞ്ഞവരെയൊന്നും മമത 40 ശതമാനത്തിലേറെ സീറ്റുകള്‍ വനിതകള്‍ക്കായി നീക്കി വച്ചപ്പോള്‍ കണ്ടില്ല-ബല്‍റാം

കേരളത്തിലെ ബുദ്ധിജീവി സാംസ്‌കാരിക നായകരെന്ന് അവകാശപ്പെടുന്നവരുടെ പൊള്ളത്തരത്തെ തുറന്നു കാട്ടി വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സി.പി.എം പ്രതിക്കൂട്ടിലാവുന്ന വിഷയങ്ങളില്‍ അവരെ വിമര്‍ശിക്കാതിരിക്കുകയും രാഷ്ട്രീയമായി സി.പി.എമ്മിന്റെ എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ എത്ര നല്ല കാര്യം ചെയ്താലും അതിനെ അഭിനന്ദിച്ച് ഒരു വാക്ക് പോലും പറയില്ല എന്നതും അവരുടെ പതിവ് സ്വഭാവമാണെന്നും ബല്‍റാം കുറ്റപ്പെടുത്തി. വലിയ വായില്‍ വനിതാ മതിലും ലിംഗനീതിയും പറഞ്ഞവരെയൊന്നും മമത 40 ശതമാനത്തിലേറെ സീറ്റുകള്‍ വനിതകള്‍ക്കായി നീക്കി വച്ചപ്പോള്‍ കണ്ടില്ലെന്നും ബല്‍റാം കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

സിപിഎം പ്രതിക്കൂട്ടിലാവുന്ന വിഷയങ്ങളില്‍ അവരെ വിമര്‍ശിക്കില്ല എന്നത് മാത്രമല്ല കേരളത്തിലെ ‘നിഷ്പക്ഷ’ ബുദ്ധിജീവി/സാംസ്‌ക്കാരിക/മാധ്യമ നായകരുടെ സവിശേഷത, രാഷ്ട്രീയമായി സിപിഎമ്മിന്റെ എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ എത്ര നല്ല കാര്യം ചെയ്താലും അതിനെ അഭിനന്ദിച്ച് ഒരു വാക്ക് പോലും പറയില്ല എന്നതും അവരുടെ പതിവ് സ്വഭാവമാണ്.

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുഴുവന്‍ മാതൃകയായ ഒരു ധീരമായ ചുവടുവയ്പ്പാണ് തന്റെ പാര്‍ട്ടിയുടെ 40 ശതമാനത്തിലേറെ സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവച്ച മമതാ ബാനര്‍ജിയുടെ നടപടി. മറ്റെല്ലായ്‌പ്പോഴും നവോത്ഥാനവും സ്ത്രീ ശാക്തീകരണവും ലിംഗനീതിയുമൊക്കെ വലിയവായില്‍ പറയുന്ന, വനിതാമതിലിലും മറ്റും ആവേശം കൊണ്ടിരുന്ന എത്ര പ്രൊഫൈലുകള്‍ ഇത് കണ്ടതായിട്ടെങ്കിലും ഭാവിച്ചു എന്ന് ചുമ്മാ ഒരു അക്കാദമിക് ഇന്ററസ്റ്റില്‍ പരിശോധിക്കുന്നത് കൗതുകകരമാണ്.