തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ദുരൂഹ ഇടപാടുകളുടെ തെളിവുകള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം എംഎല്‍എ. യുഎഇ കോണ്‍സുല്‍ ജനറലിന് ഗണ്‍മാനെ അനുവദിച്ചത് ഒരു വര്‍ഷം കൂടി നീട്ടിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ഇറക്കിയ ഉത്തരവാണ് അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
യുഎഇ കോണ്‍സുല്‍ ജനറലിന് ഗണ്‍മാനെ അനുവദിച്ചത് ഒരു വര്‍ഷം കൂടി നീട്ടിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ഇറക്കിയ ഉത്തരവ്. കോണ്‍സുല്‍ ജനറലിന്റെ ചുമതല വഹിക്കുന്ന അറ്റാഷെയുടെ പേരിലാണ് കള്ളക്കടത്ത് സ്വര്‍ണ്ണം അയച്ചിരുന്നത്.
18/12/2019 ന് കോണ്‍സുല്‍ ജനറല്‍ ഡിജിപിക്ക് നേരിട്ടയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരുത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെയും രണ്ട് തവണ ഇങ്ങനെ ഗണ്‍മാന്റെ സേവനം ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു. സുരക്ഷയേര്‍പ്പെടുത്തണമെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടിയിരുന്നത് കേന്ദ്ര വിദേശകാര്യ വകുപ്പാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ നയതന്ത്രപ്രതിനിധികള്‍ ഒരു സംസ്ഥാനത്തെ വകുപ്പ് മേധാവിയുമായി നേരിട്ട് കത്തിടപാട് നടത്തുന്നത് നിയമ ലംഘനമാണ്. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണ് ഡിജിപി ലോകനാഥ് ബെഹ്ര നടത്തിയിരിക്കുന്നത്. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള ഒരു കാരണമായി പറഞ്ഞിരുന്നതും ഇതേമട്ടിലുള്ള ചട്ടലംഘനമായിരുന്നു.
സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ഡിജിപിയുടെ പങ്കും എന്‍ഐഎ അന്വേഷിക്കണം. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണം.
