ജമ്മുവില്‍ മലയാളി വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ട് ബല്‍റാം


പാലക്കാട്: വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജമ്മുവിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ എബിവിപിയുടെ അതിക്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണെന്ന് അറിയുന്നു. ഇക്കഴിഞ്ഞ ദിവസം ആര്‍ട്ട്‌സ് ഫെസ്റ്റിവലിന്റെ ഇടയില്‍ മനപൂര്‍വ്വം കാരണമുണ്ടാക്കി പന്ത്രണ്ടോളം മലയാളി വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു. മുപ്പത്തഞ്ചോളം മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലും അവര്‍ക്ക് ഭീഷണിയുണ്ട്. വിദ്യാര്‍ത്ഥികള്‍ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹോസ്റ്റലില്‍ പോലീസ് വന്നുവെങ്കിലും വാര്‍ഡന്‍ അവരെ തിരിച്ചയക്കുകയായിരുന്നത്രേ. അധ്യാപകരില്‍ മഹാഭൂരിപക്ഷവും സംഘ് പരിവാര്‍ അനുകൂലികളാണ്. ഇന്റേണല്‍ മാര്‍ക്കിന്റേയും മറ്റും പേരിലുള്ള വിവേചനങ്ങളും പ്രതികാര നടപടികളും സ്ഥിരമായി ഉണ്ട്. ക്യാമ്പസിന് പുറത്തുള്ള പ്രാദേശിക ജനസമൂഹവും മലയാളികളോട് വംശീയ വിദ്വേഷം പുലര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

സംഘട്ടനത്തില്‍ പോലീസ് ഇതുവരെ കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് മര്‍ദ്ദനമേറ്റ മലയാളി വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കേരള സര്‍ക്കാരിന്റെയും മാധ്യമങ്ങളുടേയും പിന്തുണയാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒക്കെ അവര്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രയോജനകരമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.

മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ സത്വരമായ നടപടികള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്നു.

SHARE