വിദേശ യാത്രകളിലും പീഡനക്കേസ് പ്രതി മന്ത്രി ജലീലിനൊപ്പം; കെ.ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം

കോഴിക്കോട്: പതിനാറ് വയസുകാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പോക്‌സോ കേസില്‍ പ്രതിയായ വളാഞ്ചേരിയിലെ സി.പി.എം നേതാവുമായി മന്ത്രി കെ.ടി ജലീലിന്റെ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം എം.എല്‍.എ. പീഡനക്കേസ് പ്രതിയായ ശംസുദ്ദീനുമായി മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രതിയെ രക്ഷിക്കാന്‍ മന്ത്രി അവിഹിത ഇടപെടല്‍ നടത്തിയെന്നും തുടക്കം മുതല്‍ ആരോപണമുണ്ടായിരുന്നു. പ്രതിയെ രക്ഷിക്കാന്‍ മന്ത്രി ഇടപെട്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ശംസുദ്ദീനൊപ്പം ജലീല്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ഫോട്ടോകളും പുറത്തുവന്നിരുന്നു.

എന്നാല്‍ അതെല്ലാം യാദൃശ്ചികമായി ഉള്ള ഫോട്ടോകളാണെന്നും ഒരുമിച്ച് ഫോട്ടോ എടുക്കുന്ന എല്ലാവരുമായും ബന്ധമുണ്ടെന്ന് ആരോപിക്കാനാവില്ലെന്നും ആയിരുന്നു ജലീലിന്റെ ന്യായീകരണം. ഇതിനെ തുടര്‍ന്നാണ് വി.ടി ബല്‍റാം കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ശംസുദ്ദീനൊപ്പം മന്ത്രി ജലീല്‍ വിദേശത്ത് പാര്‍ട്ടി ആഘോഷിക്കുന്ന ഫോട്ടോയാണ് വി.ടി ബല്‍റാം ഇന്ന് പുറത്തുവിട്ടത്. നിയമസഭാ അംഗങ്ങള്‍ക്കുള്ള യാത്രയിലും ശംസുദ്ദീന്‍ ജലീലിനൊപ്പം പോയതിന്റെ ഫോട്ടോകള്‍ കഴിഞ്ഞ ദിവസം വി.ടി ബല്‍റാം പുറത്തുവിട്ടിരുന്നു.

SHARE