പിണറായി പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി വിഎസ്

തിരുവനന്തപുരം: പിണറായി പൊലീസിനെതിരെ കടുത്ത വിമര്‍ശവുമായി മുതിര്‍ന്ന സിപിഐഎം നേതാവും, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ദേശീയഗാനത്തെ നോവലില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്തതും കഴിഞ്ഞ ദിവസം കടല്‍തീരത്ത് വിശ്രമിക്കാനെത്തിയ ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തിലുമാണ് പിണറായി പൊലീസിനെതിരെ വിഎസ് രൂക്ഷ വിമര്‍ശനവുയര്‍ത്തിയത്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല കേരള പൊലീസെന്നും ഇത് പൊലീസുകാര്‍ മനസിലാക്കണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട വിഷയത്തില്‍ കേരളാ പൊലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ക്ക് അതേ പ്രയോഗം തന്നെ ഉപയോഗിച്ചാണ് വിഎസ് തിരിച്ചടിച്ചത്. പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തികൊണ്ടാവരുതെന്ന് പൊലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടതെന്നും ഇത്തരത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുക തന്നെയാണ് വേണ്ടതെന്നും അങ്ങനെയാണെങ്കില്‍ മാത്രമേ സേനയുടെ മനോവീര്യം നിലനിര്‍ത്താനാവൂ എന്നും വിഎസ് വ്യക്തമാക്കി.

കടല്‍ത്തീരത്ത് കുടുംബസമേതം വിശ്രമിക്കാനെത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുടുംബത്തിനും നേരെ അതിക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും സര്‍വീസില്‍ നിന്ന് പിരിച്ച് വിടണമെന്നും വിഎസ് പറഞ്ഞു. ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഗര്‍ഭിണിയായ ഒരു സ്ത്രീയെയുമുള്‍പ്പടെ അതി ക്രൂരമായി മര്‍ദ്ദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ വെച്ചുപൊറുപ്പിക്കാനാവില്ല. ഇത് ഇടതുപക്ഷ ഭരണമാണ്. പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് വിഎസ് പ്രസ്ഥാവനയില്‍ പറയുന്നു.

നോവലില്‍ ദേശീയഗാനത്തെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി കമല്‍ സി ചവറ എന്ന എഴുത്തുകാരനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുത്തതായി വാര്‍ത്ത വന്നിട്ടുണ്ട്. ദേശീയഗാനത്തെ നോവലില്‍ അധിക്ഷേപിച്ചു എന്ന് ചൂണ്ടികാണിച്ച് എഴുത്തുകാരന്റെ നട്ടെല്ല് തകര്‍ക്കുമെന്ന് പറഞ്ഞ പൊലീസ് നടപടിയെയും ം വിഎസ് കണക്കറ്റ് വിമര്‍ശിച്ചു.
സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള നടപടിയാണെന്ന പൊലീസിന്റെ വാദത്തേയും വിഎസ് കുറ്റപ്പെടുത്തി. ഇത് സത്യമാണെങ്കില്‍ പ്രശ്നം ഗുരുതരമാണെന്നും ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനേ ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ സഹായിക്കൂ എന്ന് വിഎസ് പ്രസ്ഥാവനയില്‍ പറഞ്ഞു.

ദേശീയ ഗാനവിഷയത്തിലും ചലച്ചിത്രോത്സവത്തില്‍ പൊലീസ് വലിയ പഴി കേട്ടിരുന്നു. ഇടതുപക്ഷ നയങ്ങളില്‍ നിന്ന് മാറി സംഘപരിവാറിനെ പ്രീതിപ്പിക്കാനെന്ന പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ആഭ്യന്തരവകുപ്പ് ഇടതുനയത്തില്‍ നിന്ന് വ്യതിചലിക്കുകയാണോ എന്ന സംശയം ഉന്നയിക്കുന്ന ഘട്ടത്തിലാണ് പൊതുസമൂഹം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉള്‍പ്പെടെയുള്ള സിപിഐഎമ്മിന്റെ വിവിധ ഘടകങ്ങള്‍ ഇതിനകം തന്നെ പൊലീസിന്റെ സമീപനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. മാവോയിസ്റ്റ് വിഷയത്തിലും മറ്റും വിഎസ് നേരത്തെയും പ്രതികരിച്ചിരുന്നു.

vs-press-release