‘നടന്‍ ദിലീപ് ദയയുടെ കണികപോലും അര്‍ഹിക്കുന്നില്ല’; വൃന്ദകാരാട്ട്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ദയ അര്‍ഹിക്കുന്നില്ലെന്ന് വൃന്ദകാരാട്ട് പറഞ്ഞു. ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കില്ലെന്നാണ് തന്റെ വിശ്വാസമെന്നും അവര്‍ പറഞ്ഞു.

ദിലീപ് ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ല. കോടതിക്ക് ഇത് ബോധ്യപ്പെടുമെന്നാണ് തന്റെ വിശ്വാസം. ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായായിരിക്കും ഒരു പ്രമുഖ നടന്‍ ഒരു പ്രമുഖനടിയെ പീഢിപ്പിക്കാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നത്. ദിലീപിന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകും. കേസില്‍ ഉറച്ചുനിന്ന പെണ്‍കുട്ടിക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നുവെന്നും വൃന്ദകാരാട്ട് പറഞ്ഞു.

വ്യാഴാഴ്ച്ചയാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹര്‍ജിയില്‍ വാദംകേട്ട കോടതി വിധിപറയുന്നത് മാറ്റിയിരിക്കുകയാണ്.