വോട്ടാണ് ആയുധം

പി. ഇസ്മായില്‍ വയനാട്

ജനാധിപത്യരീതിയില്‍ ലോകത്ത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് നടക്കുന്നത് ഇന്ത്യയിലാണ്. വോട്ടര്‍മാരുടെയും സ്ഥാനാര്‍ത്ഥികളുടെയും എണ്ണ കൂടുതലിന്റെ കാര്യത്തിലും രാജ്യത്തിന്റെ നാലയലത്ത്‌പോലും മറ്റു രാഷ്ട്രങ്ങളില്ല. വടക്കെ അമേരിക്കയുടെയും യൂറോപ്പിന്റെയും റഷ്യയുടെയും ജനസംഖ്യയേക്കാള്‍ ഇരട്ടി (89.88 കോടി) വോട്ടര്‍മാരാണ് ഇന്ത്യയിലുള്ളത്. മഞ്ഞും മഴയും വെയിലും ശൈത്യവും ഉഷ്ണവും കണക്കിലെടുത്ത് വിവിധ ഘട്ടങ്ങളിലായാണ് ജനാധിപത്യഗോപുരത്തിന്റെ ആണിക്കല്ലായി വര്‍ത്തിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പുകള്‍ നടത്താറുള്ളത്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശ്യാം സരണ്‍ നേഗിയും ഭാരത് ദാസ്ദര്‍ശന്‍ ദാസും മാധ്യമശ്രദ്ധ നേടിയ രണ്ട് വോട്ടര്‍മാരായിരുന്നു. 1952ല്‍ നടന്ന സ്വതന്ത്ര്യ ഇന്ത്യയിലെ പ്രഥമ തെരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടര്‍ കൂടിയാണ് ശ്യാംസരണ്‍നേഗി.102 വയസ്സുള്ള അദ്ദേഹമാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍.

16 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 13 നിയമസഭാതെരഞ്ഞെടുപ്പുകളിലും മുടക്കം കൂടാതെ വോട്ട് ചെയ്ത് റെക്കോര്‍ഡിട്ട വ്യക്തി കൂടിയാണ് ശ്യാം. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശിലെ കല്‍പാ ഗ്രാമത്തിലെ പോളിങ് ബൂത്തില്‍ പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകള്‍ മറന്ന് വോട്ടു രേഖപ്പെടുത്താനെത്തിയ ശ്യാമിനെ ചുവപ്പു പരവതാനി വിരിച്ചാണ് രാജ്യം സ്വീകരിച്ചത്. ആരോഗ്യവും യാത്രാസൗകര്യങ്ങളും എമ്പാടുമുണ്ടായിട്ടും തെരഞ്ഞെടുപ്പിനെ പുഛത്തോടെ നോക്കി കാണുന്നവരുടെ എണ്ണം കൂടി വരുമ്പോഴാണ് ശ്യാമിനെ പോലുള്ളവരുടെ ജനാധിപത്യ ബോധത്തില്‍ രാജ്യം ഊറ്റം കൊള്ളുന്നത്. ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പില്‍ 4.36 ലക്ഷം കേന്ദ്രങ്ങളിലായി 10.35.932 പോളിങ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. ഓരോ പോളിങ്‌സ്റ്റേഷനുകളിലും ആയിരത്തിനും 1500നും ഇടയില്‍ വോട്ടര്‍മാരാണുള്ളത്. 1000 ത്തിന് താഴെ വോട്ടര്‍മാരുള്ള ബൂത്തുകള്‍ അത്യപൂര്‍വമാണ്.

ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ ബാനേജ് പോളിങ് സ്‌റ്റേഷനില്‍ ഭാരത് ദാസ് ദര്‍ശന്‍ ദാസ് എന്ന ഏക വ്യക്തി മാത്രമാണ് വോട്ടറായിട്ടുള്ളത്. ഏഷ്യാറ്റിക്ക്‌സിംഹങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സിംഹോദ്യാനത്തിന്റെ നടുക്കാണ് ബാനേജ് പോളിങ്‌സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പ്രസ്തുത ബൂത്തില്‍ ഭാരത് ദാസടക്കം നേരത്തെ 42 വോട്ടര്‍മാരുണ്ടായിരുന്നു. സിംഹോദ്യാനത്തില്‍നിന്നും ഗ്രാമീണരെ മാറ്റി പാര്‍പ്പിച്ചപ്പോള്‍ ശിവപ്രതിഷ്ഠയുള്ള തന്റെ ക്ഷേത്രം ഉപേക്ഷിച്ചുപോരാന്‍ പൂജാരികൂടിയായ ഭാരത് ദാസ് തയ്യാറായിരുന്നില്ല. ഒരു വോട്ടറും രണ്ട് കിലോമീറ്ററിലധികം വോട്ടു ചെയ്യാനായി യാത്ര ചെയ്യേണ്ടി വരരുത് എന്ന ഇലക്ഷന്‍ കമ്മീഷന്റെ നിഷ്‌കര്‍ഷതയുടെ പിന്‍ബലത്തിലാണ് ഒരാള്‍ക്ക് മാത്രമായി ഒരു പോളിങ്‌സ്റ്റേഷന്‍ അനുവദിക്കപ്പെട്ടത്. ഓരോ വോട്ടറും പരിഗണിക്കപ്പെടണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ബന്ധബുദ്ധിയാണ് മറ്റു പോളിങ്‌സ്റ്റേഷനുകളിലേതുപോലെ പ്രിസൈഡിങ് ഓഫീസറെയും ഉദ്യോഗസ്ഥരെയും ഇവിടം അനുവദിച്ചത്. ഒരേയൊരു വോട്ടര്‍ക്ക് വേണ്ടിയാണ് പൊലീസിന്റെ അകമ്പടിയില്‍ 40 കിലോമീറ്റര്‍ ദൂരം വനം താണ്ടി കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലായി ഉദ്യോഗസ്ഥര്‍ ബാനേജില്‍ എത്തുന്നത്. 2009 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയും ഗിര്‍വനത്തിലെ സമ്മതിദായകായനെ തേടിയെത്തിയിട്ടില്ല.

അതില്‍ ഒറ്റയാന്‍ കുപിതനോ പരാതിക്കാരനോ അല്ല. സ്ഥാനാര്‍ത്ഥികള്‍ വോട്ടു ചോദിച്ചില്ലയെന്ന മുടന്തന്‍ ന്യായത്തില്‍ വോട്ടു ബഹിഷ്‌ക്കരണവും അയാള്‍ പ്രഖ്യാപിച്ചിരുന്നില്ല. പതിവുപോലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുകയുണ്ടായി. ഒരു സ്ഥാനാര്‍ത്ഥിയും വോട്ടഭ്യര്‍ത്ഥന നടത്താതെ വോട്ടിങില്‍ പങ്കാളിയായ അദ്ദേഹത്തോട് മാധ്യമ പ്രവര്‍ത്തകര്‍ അതു സംബന്ധമായിഏതാനും ചില ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ കൃത്യമായി വോട്ടു ചെയ്യും. ചിലപ്പോള്‍ ഒരു വോട്ടു പോലുംനിര്‍ണ്ണായകമായേക്കാം എന്ന ജനാധിപത്യ മഹത്വം ഉദ്‌ഘോഘോഷിക്കുന്ന മറുപടിയാണ് ദാസ് നല്‍കിയത്. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്തെ കന്നി വോട്ടര്‍മാരുടെ എണ്ണം 2.3 കോടിയായിരുന്നുവെങ്കില്‍ 2019ല്‍ അത്1.59 കോടിയായി ചുരുങ്ങുകയുണ്ടായി. രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ സ്ഥിതി വിവരകണക്കിലും ഈ അന്തരം മുഴച്ചുനില്‍ക്കുകയാണ്. 2020ല്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള കരട് വോട്ടര്‍ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോള്‍ 18 നും 19നും ഇടയിലുള്ള കന്നി വോട്ടര്‍മാരുടെഎണ്ണം 2.90 ലക്ഷമാണ്.

സെന്‍സസ്പ്രകാരം ഈ പ്രായത്തിലുള്ളവരുടെ എണ്ണം 10.27 ലക്ഷമാണ്. 70 ശതമാനത്തോളം പേരും വോട്ട് ചേര്‍ക്കല്‍ പ്രക്രിയയില്‍ പങ്കാളിയായിെല്ലന്ന് ചുരുക്കം. 20 മുതല്‍ 29 വയസ്സുള്ള 51.5 ലക്ഷം പേരുണ്ടെങ്കിലും 45.55 ലക്ഷം പേരാണ് നിലവിലെ പട്ടികയിലുള്ളത്. ഓണ്‍ലൈന്‍ സംവിധാനം വരുന്നതിന്മുമ്പ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വോട്ട് ചേര്‍ക്കലിനെകുറിച്ച് സൂചന നല്‍കുമ്പോള്‍ മാത്രമാണ് വോട്ട് ചേര്‍ക്കല്‍ സംബന്ധിച്ചുള്ള വിവരം വോട്ടര്‍മാരായി മാറേണ്ടവരില്‍ ഭൂരിപക്ഷവും അറിയാറുള്ളത്. വീടുവീടാന്തരം കയറിയിറങ്ങി ഓരോ കന്നി വോട്ടര്‍മാരെയും ജനാധിപത്യ പാഠശാലയില്‍ ഹരിശ്രീ കുറിപ്പിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ കിടമത്സരങ്ങള്‍പോലും നിലനിന്നിരുന്നു. എന്നാലിപ്പോള്‍ വോട്ട് ചേര്‍ക്കലിനെകുറിച്ച് നവ മാധ്യമങ്ങളിലൂടെ ഇലക്ഷന്‍ കമ്മീഷന്‍തന്നെ നിരന്തരം ഉണര്‍ത്തിയിട്ടും കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ വോട്ടറായി മാറാനുള്ള സാങ്കേതിക വിദ്യകള്‍ വശമുള്ളവരായിട്ടും വോട്ട് ചേര്‍ക്കുന്നതിലും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലും പുതു തലമുറയില്‍ കാണുന്ന അലസതയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.

അധ്യാപകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, അഭിനേയതാക്കള്‍, ഭിഷഗ്വരര്‍, കായികതാരങ്ങള്‍, മതപണ്ഡിതര്‍, ഉദ്യോഗസ്ഥര്‍, ഭരണകര്‍ത്താക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍ അങ്ങിനെ പല വിഭാഗങ്ങളില്‍പെട്ടവര്‍ കൂടിചേര്‍ന്നതാണ് നമ്മുടെ സമൂഹം. ബ്യൂറോക്രാറ്റുകളോ ടെക്‌നോ ക്രാറ്റുകളോ മത പണ്ഡിതരോ മാധ്യമ പ്രവര്‍ത്തകരോ സാംസ്‌കാരിക മേഖലകളിലെ തലതൊട്ടപ്പന്‍മാരോ സമൂഹത്തിലെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നവരല്ല. അവരെല്ലാം അവരവരുടെ വൃത്തങ്ങളില്‍ കഴിഞ്ഞ്കൂടുന്നവര്‍ മാത്രമാണ്. അവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടികൊണ്ടാണ് സമൂഹം മേല്‍ പറഞ്ഞ ഗണത്തില്‍പെട്ടവരെ ആശ്രയിക്കാറുള്ളതും. എന്നാല്‍ കുടില്‍ തൊട്ട് കൊട്ടാരം വരെയുള്ളവരും കുചേലന്‍ മുതല്‍ കുബേരന്‍ വരെയുള്ളവരുടെയും ജീവിതം ഭരണകൂടത്തിന്റെ നയനിലപാടുകളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

മതം, വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മരുന്ന്, ചികിത്സ, ഗതാഗതം, ഉദ്യോഗ നിയമനം, ശമ്പളം, പെന്‍ഷന്‍, നിയമനിര്‍മാണം, വേതനം, നികുതി തുടങ്ങി തൊട്ടിലില്‍ ആരംഭിച്ച് കുഴിമാടം വരെയുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കുന്ന വ്യവസ്ഥിതിയാണ് രാഷ്ട്രീയം. തന്റെ വീട്ടിലെ അടുക്കളയില്‍ പുകയുന്ന തീയിലും കഞ്ഞിക്കലത്തില്‍ വേവുന്ന അരിയുടെയും ദേഹത്തണിഞ്ഞ ഉടയാടകളുടെയും ആടയാഭരണങ്ങളുടെയും വാഹനത്തില്‍ നിറക്കുന്ന ഇന്ധനത്തിന്റെയും ദാഹമകറ്റുന്ന കുപ്പിവെള്ളത്തിന്റെയും കാര്യത്തില്‍ വരെ രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ ഇതില്‍നിന്ന് അകന്നുനില്‍ക്കുക എന്നത് ആത്മഹത്യാപരമാണ്. രാഷ്ട്രീയ പാര്‍ട്ടികളോട് മുഖം തിരിഞ്ഞുനില്‍ക്കാന്‍ കഴിയുമെങ്കിലും ലോകത്ത് ഒരാള്‍ക്കുംതന്നെ രാഷ്ട്രീയ വ്യവസ്ഥിതിക്ക് പുറത്ത്ജീവിക്കാനാവില്ലന്ന കാര്യം രാഷ്ട്രീയ വിമര്‍ശകര്‍ പലപ്പോഴും മറക്കുകയാണ്. രാഷ്ട്രീയ രംഗത്തെ അഴിമതിയും കുതികാല്‍വെട്ടും സ്വജനപക്ഷപാതവും ചുണ്ടിക്കാട്ടി അരാഷ്ട്രീയതയുടെ വിത്തു വിതറുന്നവരാരും മതരംഗത്തെ മൂല്യച്യുതിയുടെ പേരില്‍ ആരാധനാലയങ്ങളില്‍നിന്നും ആചാരാനുഷ്ഠാനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാറില്ല. സിനിമ, സാഹിത്യം പോലുള്ള കലാരംഗത്തെ ചേരിപ്പോരിന്റെ പേരില്‍ കലാസൃഷ്ടികളുടെ ബഹിഷ്‌ക്കരണം കൊണ്ടാടപ്പെടാറില്ല.

കായിക മേഖലയിലുണ്ടാവുന്ന ധാര്‍മിക തകര്‍ച്ചയുടെ പേരില്‍ കളിക്കളം ഉപേക്ഷിക്കാറുമില്ല. മറ്റു മേഖലകളിലെ ആന ചോര്‍ച്ചയില്‍ കണ്ണടക്കുകയും രാഷ്ട്രീയ രംഗത്തെ കടുകു ചോര്‍ച്ചയെ പര്‍വതീകരിക്കാന്‍ മത്സരിക്കുകയും ചെയ്യുമ്പോള്‍ ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നതെന്ന സത്യം അരാഷ്ട്രീയതയുടെ കുഴലൂത്തുകാര്‍ തിരിച്ചറിയേണ്ടതുണ്ട്. ഇലക്ഷനിലൂടെ ജയിച്ചുവരുന്നവരെ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത്തലം മുതല്‍ പാര്‍ലമെന്റ് തലം വയെയുള്ള ഭരണകൂടങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ഗവണ്‍മെന്റ് തലത്തിലാണ് നിയമനിര്‍മാണങ്ങള്‍ ചുട്ടെടുക്കുന്നത്. ഇഷ്ടപ്പെട്ടവരെ അധികാരത്തിലെത്തിക്കാനും ജനദ്രോഹം മുഖമുദ്രയാക്കിയവരെ താഴെ ഇറക്കാനും ജനാധിപത്യത്തില്‍ പൗരന്റെ കൈവശമുള്ള വജ്രായുധമാണ് വോട്ടവകാശം. രാഷ്ട്രീയ രംഗത്തെ കാഴ്ചക്കാരായി മാറി നില്‍ക്കുന്നതിനും വോട്ടര്‍ എന്നതിനുമപ്പുറം പോളിസി മേക്കറായി മാറാന്‍ യുവതക്കാവണം. കാലാഹരണപ്പെട്ട സമരമുറകളും പ്രചാരണ രീതികള്‍ക്കുംപകരം നൂതന ആശയങ്ങള്‍ സ്വാംശീകരിച്ച് അലകിലും പിടിയിലും മാറ്റങ്ങള്‍ വരുത്തി കൊണ്ടും ശുദ്ധികലശം നടത്തിയും യൗവ്വനത്തെ ആകര്‍ഷിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും മനസ്സുവെക്കണം.

SHARE