‘ബി.ജെ.പിക്ക് വോട്ടുചെയ്തില്ലെങ്കില്‍ മുസ്‌ലിംകള്‍ അനുഭവിക്കും’ ;ഭീഷണിയുമായി ബി.ജെ.പി നേതാവ്

ലക്‌നൗ: ഭാര്യക്ക് വോട്ടുചെയ്തില്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് രഞ്ജീത് കുമാര്‍ ശ്രീവാസ്തവ. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ പ്രചാരണവേദിയില്‍ രണ്ടു മന്ത്രിമാര്‍ ഇരിക്കുമ്പോഴാണ് നേതാവിന്റെ ഭീഷണി മുഴങ്ങുന്നത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

ബി.ജെ.പി കൗണ്‍സിലറായ രഞ്ജീത് കുമാര്‍ ശ്രീവാസ്തവയുടെ ഭാര്യ ഷഷി ശ്രീവാസ്തവ പ്രാദേശിക തെരഞ്ഞെടുപ്പിലാണ് മത്സരിക്കുന്നത്. ഈ മാസം അവസാനം ബരബന്‍കിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ തന്റെ ഭാര്യക്ക് വോട്ടുചെയ്തില്ലെങ്കില്‍ മുസ്ലിംങ്ങള്‍ അനുഭവിക്കുമെന്നാണ് രഞ്ജീത് പറഞ്ഞത്. ഇത് നിങ്ങളുടെ സമാജ് വാദി പാര്‍ട്ടിക്കാരുടെ സര്‍ക്കാരല്ല. ഇവിടെ നിങ്ങളെ സഹായിക്കാന്‍ നേതാക്കന്‍മാര്‍ ആരുമില്ല. റോഡുകളും ജലവുമെല്ലാം പ്രാദേശിക ഭരണത്തിന്റെ കീഴിലാണ് വരുന്നത്. നിങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും. ബി.ജെ.പിയാണ് ഇവിടെ ഭരിക്കുന്നത്. അത് കൊണ്ട് വിവേചനമില്ലാതെ ബി.ജെ.പിക്ക് വോട്ടുചെയ്ത് ഷഷിയെ വിജയിപ്പിക്കണമെന്നും രഞ്ജീത് പറഞ്ഞു. താന്‍ മുസ്ലിംങ്ങളോട് യാചിക്കുകയല്ലെന്നും ഞങ്ങള്‍ക്ക് വോട്ടുചെയ്താല്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുമെന്ന് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സമയം വേദിയില്‍ സംസ്ഥാന മന്ത്രിമാരായ ദാരാസിംഗ് ചൗഹാനും, രാമപതി ശാസ്ത്രിയും ഉണ്ടായിരുന്നു. ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു.