കേരളത്തില്‍ രാഹുലിനെ വിമര്‍ശിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഫോട്ടോവെച്ച് വോട്ടുപിടിക്കുന്നു: വി.എം സുധീരന്‍

മുക്കം : കേരളത്തില്‍ വരുമ്പോള്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ തമിഴ്നാട്ടില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് വോട്ടുപിടിക്കുകയാണെന്ന് മുന്‍ കെ.പി. സി.സി അധ്യക്ഷന്‍ വി .എം സുധീരന്റെ പരിഹാസം. ചെറുവാടിയില്‍ സണ്ണി ജോസഫ് എം.എല്‍.എ നയിക്കുന്ന വാഹന ജാഥയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധിയെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം സി പി എമ്മിനെതിരെ പ്രതികരിക്കാത്തത് രാഷ്ട്രീയ ഔന്നത്യം കൊണ്ടാണ്. ബി ജെ പിയുടെ വര്‍ഗീയ കൊലപാതകത്തിനും, സി പി എമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തിനുമെതിരായ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ്.

ഗോമാംസത്തിന്റെ പേരില്‍ സംഘ്പരിവാര്‍ നൂറ് കണക്കിന് പേരെ ഉത്തരേന്ത്യയില്‍ കൊന്നൊടുക്കുകയാണെങ്കില്‍ സി പി എം കേരളത്തില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിരപരാധികളെ കൊന്നൊടുക്കുകയാണ്. കോണ്‍ഗ്രസ് എന്നും കര്‍ഷകപക്ഷത്താണ് നിന്നിട്ടുള്ളത്. സി പി എമ്മിനാണ് ബി ജെ പിയുമായി ബന്ധമുണ്ടായിരുന്നത്. 1977-ല്‍ കൂത്തുപറമ്പില്‍ പിണറായി വിജയനും ഉദുമയില്‍ കെ ജി മാരാറും മുന്നണിയായി മത്സരിച്ചത് ആര്‍ക്കും വിസ്മരിക്കാനാവില്ല. കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലും അതാണ് പറയുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.