ബാങ്കില്‍ നിക്ഷേപിച്ചത് ചന്ദ്രികയുടെ കാമ്പയിന്‍ പണം: വി.കെ ഇബ്രാഹിംകുഞ്ഞ്തിരുവനന്തപുരം: ചന്ദ്രിക ദിനപത്രത്തിനായി കാമ്പയിന്‍ നടത്തിയ പണമാണ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിക്ഷേപിച്ചതെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ വ്യക്തമാക്കി. ചന്ദ്രികയുടെ കാമ്പയിന്‍ എല്ലാവര്‍ഷവും നടത്താറുണ്ട്. അതിന്റെ ഭാഗമായി 2016 ലും കാമ്പയിന്‍ നടത്തി. എന്നാല്‍ അമ്പതിനായിരത്തിന് മുകളില്‍ തുക ബാങ്കില്‍ നിക്ഷേപം നടത്തിയാല്‍ അക്കാര്യം അപ്പോള്‍ തന്നെ ഇന്‍കംടാക്‌സ് വകുപ്പിനെ അറിയിക്കുന്ന സോഫ്ട് വെയര്‍ സംവിധാനം നിലവിലുണ്ട്. പത്ത് കോടി രൂപ നിക്ഷേപിച്ചപ്പോള്‍ അക്കാര്യം ഐ.ടി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഉടന്‍ തന്നെ വിശദീകരണം തേടി. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ചന്ദ്രികയെന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇതെന്നും ചന്ദ്രിക മാനേജ്‌മെന്റ് വിശദീകരണം നല്‍കി. നോട്ട് നിരോധന കാലമായതിനാല്‍ ടാക്‌സ് ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പണം നിക്ഷേപിച്ചതെന്നും വിശദീകരിച്ചു. എന്നാല്‍ നികുതി അടക്കണമെന്ന നിലപാടാണ് ഇന്‍കംടാക്‌സ് വകുപ്പ് കൈക്കൊണ്ടത്. വണ്‍ടൈം സെറ്റില്‍മെന്റ് എന്ന നിലയില്‍ തുക അടക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ 2,24,55,000 രൂപ നികുതി പിഴയായി അടക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത് കമ്പനി മാനേജ്‌മെന്റ് അംഗീകരിക്കുകയും ആ തുക അടച്ച് പണം ഫ്രീസ് ചെയ്ത നടപടി മാറ്റി പണം കോഴിക്കോട് ഹെഡ്ഓഫീസിലേക്ക് മാറ്റി. ഈ ഇടപാടും താനുമായി ബന്ധമില്ല. ചന്ദ്രികയുടെ അക്കൗണ്ടാണിത്. ചന്ദ്രികയുടെ ആദ്യകാലം മുതല്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നത് അപ്പു നെടുങ്ങാടി നേതൃത്വം നല്‍കിയ നെടുങ്ങാടി ബാങ്കാണ്. അതിനാലാണ് കൊച്ചിയിലെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ അക്കൗണ്ട് വന്നതെന്നും ഇബ്രാഹിംകുഞ്ഞ് വിശദീകരിച്ചു. ചന്ദ്രികക്ക് ഇത്തരത്തില്‍ തട്ടിപ്പ് നടത്തേണ്ട കാര്യമില്ല. ടാക്‌സ് കുടിശിക അടച്ചതുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് വകുപ്പ് ഡയറക്ടറേറ്റ് നല്‍കിയ രശീതും അദ്ദേഹം നിയമസഭയില്‍ സമര്‍പ്പിച്ചു.

SHARE