ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വിവോയ്ക്ക്; നിലനിര്‍ത്തിയത് 2199 കോടി മുടക്കി

മുംബൈ: ഇന്ത്യയിലെ ഏറ്റവും ജനകീയമായ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐ.പി.എല്‍)ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം വിറ്റുപോയത് 2199 കോടി രൂപക്ക്. കഴിഞ്ഞ രണ്ടു സീസണിലെ സ്‌പോണ്‍സര്‍മാരായിരുന്ന ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോ തന്നെയാണ് ഇത്രയും ഭീമമായ തുക മുടക്കി സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. 396 കോടിയുടെ മുന്‍ കരാറില്‍ നിന്ന് 454 ശതമാനം വര്‍ധനവോടെയാണ് വിവോ പുതിയ അവകാശം സ്വന്തമാക്കിയത്.

അടിസ്ഥാന വില മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധിപ്പിച്ച ലേലത്തില്‍ മറ്റൊരു ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ ആണ് വിവോക്ക് മത്സരം ഉയര്‍ത്തിയത്. 1430 കോടി വരെ ഓപ്പോ ലേലം വിളിച്ചെങ്കിലും പിന്നീട് വിവോയുടെ പണംവാരിയെറിയലില്‍ പിന്മാറുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്താക്കിയത് ഓപ്പോ ആയിരുന്നു; അന്ന് ഓപ്പോയോട് പരാജയപ്പെട്ടത് വിവോയും.

ചൊവ്വാഴ്ച മുംബൈയില്‍ നടന്ന ലേലത്തില്‍ ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ര, ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരും ലേലത്തിനുള്ള കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ്പ് നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വിവോ പ്രതിനിധി വ്യക്തമാക്കി.