വിശ്വ ഹിന്ദു മഹാസഭാ യു.പി പ്രസിഡന്റ് വെടിയേറ്റു മരിച്ചു; വധഭീഷണിയുണ്ടായിരുന്നതായി ഭാര്യ

ലഖ്‌നൗ: വിശ്വ ഹിന്ദു മഹാസഭാ യു.പി പ്രസിഡന്റ് രഞ്ജിത് യാദവ് എന്ന രഞ്ജിത് ബച്ചന്‍ ലഖ്‌നൗവില്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച രാവിലെ ലഖ്‌നൗവിലെ ഹസാരത്ഗഞ്ചിനും കൈസര്‍ ബാഗ് പ്രദേശത്തിനും ഇടയില്‍ പ്രഭാത സവാരിക്കിടെയായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ തോക്കുധാരികളാണ് വെടിയുതിര്‍ത്തത്. തലയില്‍ ഒന്നിലധികം തവണ വെടിയേറ്റ രഞ്ജിത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന രഞ്ജിത്തിന്റെ സഹോദരനും വെടിയേറ്റിട്ടുണ്ട്. ഇയാളെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ (കെ.ജി.എം.യു) ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു.

അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. അതേസമയം, തന്റെ ഭര്‍ത്താവിന് തീവ്രഗ്രൂപ്പുകളില്‍ നിന്നും നിരന്തരം ഭീഷണിയുണ്ടായിരുന്നതായി രഞ്ജിത് ബച്ചന്റെ ഭാര്യ അവകാശപ്പെട്ടു. ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്റെ ഭര്‍ത്താവിനെ കൊന്നതെന്നും ഭാര്യ കാളിന്ദി ആരോപിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കീഴില്‍ അദ്ദേഹം സുരക്ഷിതനാണെന്ന് വിശ്വസിച്ചിരുന്നെന്നും ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.