വിജയ് അനുകൂല പോസ്റ്റ്; തമിഴ് നടന്‍ വിശാലിന്റെ ഓഫീസില്‍ ജി.എസ്.ടി റൈഡ്

ചെന്നൈ: വിജയ് നായകനായ മെര്‍സലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സിനിമയെ അനുകൂലിച്ച തമിഴ് നടന്‍ വിശാലിന്റെ ഓഫീസില്‍ റൈഡ്. ജി.എസ്.ടി ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

വിജയ് സിനിമയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തു വന്നതിന്റെ പിറ്റേന്നാണ് റെയ്ഡ് നടന്നതെന്നത് കൗതുകമുണര്‍ത്തുന്നതാണ്.

വിശാലിന്റെ വടപളനിയിലുള്ള ഓഫീസായ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റെയ്ഡ് നടന്നത്്. ചരക്കു സേവന നികുതി വിഷയത്തില്‍ ക്രമക്കേടുണ്ടോ എന്ന് കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം, വിശാലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയായ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമാണ് വിശാല്‍.


മെര്‍സല്‍ ഇന്റര്‍നെറ്റിലാണ് കണ്ടതെന്ന ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജക്കെതിരെയാണ്, കഴിഞ്ഞ ദിവസം വിശാല്‍ രംഗത്തെത്തിത്.