വിശാഖപട്ടണത്തെ മരുന്നു കമ്പനിയില്‍ വന്‍ പൊട്ടിത്തെറി

വിശാപട്ടണം: വിശാഖപട്ടണത്തെ മരുന്നു കമ്പനിയില്‍ വന്‍ പൊട്ടിത്തെറി. വിശാഖപട്ടണത്തെ പരവദയിലെ വ്യാപാരമേഖലയില്‍ ഇന്നലെ രാത്രിയിലാണ് വന്‍ പൊട്ടിത്തെറിയുണ്ടായത്. ഫാര്‍മാ സിറ്റിയിലെ രാംകി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയിലെ സ്‌റ്റെപ്പ് സോള്‍വന്റ് ബോയിലേഴ്‌സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സംഭവം നടക്കുമ്പോള്‍ ഫാക്ടറിക്കകത്ത് എത്രപേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. പതിനേഴ് തവണ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറികളുണ്ടായെന്ന് പരിസരവാസികള്‍ പറയുന്നു.വന്‍തോതില്‍ തീ ആളിപ്പടരുന്നതിനാല്‍ ഫയര്‍ ഫോഴ്‌സിന് സ്ഥലത്തേക്ക് എത്താനാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിശാഖപട്ടണത്ത് ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗണ്‍ കാലത്ത് വലിയ ദുരന്തമുണ്ടാകുന്നത്. മെയ് 7ന് വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ കമ്പനിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് മരിച്ചത് 12 പേരാണ്.

SHARE