ന്യൂഡല്‍ഹി: രാജ്യത്തെ വവ്വാലുകളില്‍ കണ്ടെത്തിയ കോവിഡ് വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. വവ്വാലുകളില്‍ നിന്നുള്ള വ്യാപന സാദ്ധ്യത അത്യപൂര്‍വ്വമാണ് എന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇതു സംബന്ധിച്ച് ചൈന നടത്തിയ പഠനത്തിന് വിരുദ്ധമായ കണ്ടെത്തലാണ് കൗണ്‍സിലിന്റേത്.
‘ കോവിഡ് വൈറസ് വാഹകരായ വവ്വാലുകള്‍ രണ്ടു തരത്തിലുണ്ട്. റോസെറ്റസ്, ടെറോപസ് ഇനത്തില്‍ പെട്ട വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. അത് മനുഷ്യരിലേക്ക് പടര്‍ന്ന സാര്‍സ്-കോവ് 2 വൈറസ് അല്ല. ഇവയ്ക്ക് മനുഷ്യരിലേക്ക് രോഗം പരത്താനുള്ള കഴിവില്ല. ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അതിനുള്ള സാദ്ധ്യതയുള്ളത്’ – കൗണ്‍സിലിലെ എപിഡമോളജി ആന്‍ഡ് കമ്യൂണിക്കബ്ള്‍ ഡസീസസ് മേധാവി ഡോ. ആര്.ആര് ഗംഗാഖേദ്കര്‍ പറഞ്ഞു. എന്നാല്‍ വവ്വാലുകള്‍ ഈനാംപേച്ചിയെ പോലുള്ള സസ്തനികളിലേക്ക് രോഗം പടര്‍ത്തുമെന്നും അവയില്‍ നിന്ന് മനുഷ്യനില്‍ എത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം,ഹിമാചല്‍ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നത്. നേരത്തെ ടെറോപസ് വവ്വാലുകളില്‍ നിന്നാണ് കേരളത്തില്‍ നിപ വൈറസ് പടര്‍ന്നിരുന്നത്. ചൈനയിലെ വുഹാനില്‍ വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നത് വവ്വാലുകളില്‍ നിന്നായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.