പനി പടരുന്നു: ആശങ്കയോടെ ജില്ല; ആരോഗ്യ വിഭാഗം ഉന്നതതല യോഗം ചേര്‍ന്നു

കോഴിക്കോട്: അപൂര്‍വയിനം വൈറസ് ബാധിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് മാത്രമാണ് രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവിലെ സ്ഥിതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനേയും ലോകാരോഗ്യസംഘടനയേയും വിവരമറിയിച്ചിട്ടുണ്ട്. കേന്ദ്രസംഘം എത്രയും പെട്ടെന്ന് ഇവിടെ സന്ദര്‍ശനം നടത്തണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പാല്‍ ആസ്പത്രിയില്‍ നിന്നും ഡോ.അരുണും സംഘവും ഇന്ന് സ്ഥലത്ത് എത്തി പരിശോധന നടത്തിയിട്ടുണ്ട്, ആരോഗ്യമന്ത്രി അറിയിച്ചു.

അപൂര്‍വ്വ രോഗം ബാധിച്ചവരുമായും മരിച്ചവരുമായും ഇടപഴകിയവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് മന്ത്രി പറഞ്ഞു. മരിച്ചവരുമായി ഇടപഴകിയവര്‍ ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരേയും മരിച്ചവരെ പോസ്റ്റ് മോര്‍ട്ടം ചെയ്ത മെഡിക്കല്‍ ടീമിനേയും രോഗനിര്‍ണയ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പേരാമ്പ്രയില്‍ പനിബാധിച്ച് സഹോദരങ്ങള്‍ മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി മന്ത്രി ടി.പി രാമകൃഷണന്‍ ഉന്നതതല യോഗം ചേര്‍ന്നു. മരണം നടന്ന പ്രദേശത്ത് പരിശോധന നടത്താനും പനി പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി ഉത്തരവിട്ടു. മഴക്കാലം തുടങ്ങുന്നതിനു മുന്‍പ് ജില്ലയിലെ മുഴുവന്‍ ആസ്പത്രികളും പനി പ്രതിരോധിക്കാന്‍ സജ്ജമായിരിക്കണമെന്നും ചികിത്സ തേടിയെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യഥാസമയം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

പനി ബാധിച്ചവരെ ചികിത്സിച്ച നഴ്‌സിനും പനി ബാധിച്ചു. പേരാമ്പ്ര ആസ്പത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആണ് പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സ തേടിയത്. അതോടെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ സുരക്ഷാസംവിധാനം കര്‍ശനമാക്കി. നഴ്‌സുമാരും മറ്റും മാസ്‌ക് ധരിച്ചാണ് ജോലി ചെയ്യുന്നത്.

പനി പടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സൂപ്രണ്ട് ഡോ. കെ.ജി സജിത്കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളജില്‍ ഡെങ്കിപ്പനി ബാധിച്ച് 13 പേരും വൈറല്‍പനി ബാധിച്ച് 10 പേരും ചികിത്സയിലുണ്ട്. ഒരു എലിപ്പനി കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ ശക്തമാകുന്നതിന് മുമ്പുതന്നെ ജില്ലയുടെ പല ഭാഗങ്ങളിലും പനി പടരുന്നത് ആശങ്ക പരത്തിയിട്ടുണ്ട്. പ്രാഥമിക#ാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും മരുന്നും ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പേരാമ്പ്രയിലെ മുഹമ്മദ് സാലിഹിന്റെ മരണകാരണം സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ കോളജ് പാത്തോളജി വിഭാഗം മൃതദേഹം പരിശോധിച്ചു. സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ഹൈദരബാദിലേക്ക് അയക്കും. പോസ്റ്റ്‌മോര്‍ട്ടം റൂമില്‍ വെച്ചാണ് പരിശോധന നടത്തിയത്. ഇതിന്റെ പേരില്‍ ഫോറന്‍സിക് വിഭാഗത്തിലെ ജീവനക്കാര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതായും പറയുന്നു.