ബിര്‍മിങാം ടെസ്റ്റ്: കോഹ്‌ലിക്ക് സെഞ്ച്വറി, ഇന്ത്യ 274ന് പുറത്ത്; ഇംഗ്ലണ്ടിന് ലീഡ്

എജ്ബാസ്റ്റണ്‍: തകര്‍പ്പന്‍ സെഞ്ച്വറിയുമായി നായകന്‍ വിരാത് കോലി കളം നിറഞ്ഞു. വാലറ്റക്കാരെ കൂട്ടുപിടിച്ചുള്ള മാസ്മരിക ഇന്നിംഗ്‌സില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച ഒഴിവാക്കി. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോറായ 287 റണ്‍സിന് അരികിലെത്തി ഇന്ത്യ. 274 ന് ഇന്ത്യ പുറത്തായി. 13 റണ്‍സ് ഇംഗ്ലണ്ടിന് ലീഡ്. കോലി 149 റണ്‍സ് നേടി.

തുടക്കത്തില്‍ ഇന്ത്യക്ക് മുന്നില്‍ ഇടി മിന്നലായിരുന്നു സാം കുറാന്‍. എന്ന ഇംഗ്ലീഷ് സീമര്‍. യുവ സീമറുടെ സീം സ്‌പെല്ലില്‍ ഇന്ത്യന്‍ മുന്‍നിര ആടിയുലഞ്ഞ കാഴ്ച്ചയില്‍ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പക്ഷേ കോലി പൊരുതി നിന്നു. തുടക്കത്തില്‍ ഇന്ത്യക്കായിരുന്നു മേല്‍കൈ. മുഹമ്മദ് ഷമി അവസാന വിക്കറ്റും നേടി ഇംഗ്ലീഷ് ഇന്നിംഗ്‌സ് 287 ല്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മുരളി വിജയും ശിഖര്‍ ധവാനും അര്‍ധസെഞ്ച്വറി സഖ്യവും പടുത്തുയര്‍ത്തിയപ്പോള്‍ കാര്യങ്ങള്‍ സന്ദര്‍ശകരുടെ വഴിയിലേക്ക്് വരുമെന്നാണ് കരുതിയത്. പക്ഷേ അവിടെയാണ് കുറാന്‍ എന്ന മിന്നലെത്തിയത്. വിക്കറ്റ് പോവാതെ 50 ല്‍ നിന്നും ഇന്ത്യ ലഞ്ചിന് പിരിഞ്ഞത് മൂന്ന് വിക്കറ്റിന് 76 റണ്‍സ് എന്ന നിലയില്‍. ലഞ്ചിന് ശേഷവും കുറാനും ബെന്‍ സ്റ്റോക്ക്‌സും പേസാക്രമണം തുടര്‍ന്നത് ഇന്ത്യക്ക്് വിനയായപ്പോള്‍ ക്യാപ്റ്റന്‍ വിരാത് കോലിയുടെ വേഗവും ഭാഗ്യവും ടീമിന് തുണയായി.

നല്ല ബാറ്റിംഗ് സാഹചര്യമായിരുന്നു എജ്ബാസ്റ്റണില്‍. ആദ്യദിവസം കണ്ട മൂവ്‌മെന്റ് ന്യൂബോള്‍ ബൗളര്‍മാരെ തുണച്ചിരുന്നില്ല. ജിമ്മി ആന്‍ഡേഴ്‌സണെയും സ്റ്റിയൂവര്‍ട്ട്് ബ്രോഡിനെയും ധവാനും മുരളിയും നന്നായി നേരിട്ടു. വേഗതയിലേക്കോ, ആവേശത്തിലേക്കോ പോവാതെ പക്വമായ ഇന്നിംഗ്‌സ്. മോഹിപ്പിക്കുന്ന പന്തുകളില്‍ നിന്ന് ബാറ്റ് വലിച്ചുള്ള തന്ത്രം ഉച്ചഭക്ഷണം വരെ തുടരുമെന്നാണ് കരുതപ്പെട്ടതെങ്കില്‍ ഇരുപത് വയസുകാരനായ സാമുവല്‍ മാത്യു കൂറാന്‍ വന്നതോടെ കാര്യങ്ങള്‍ മാറി. സ്വിംഗ് ബൗളിംഗിന്റെ അസാമാന്യ ചാരുതയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക്് പിഴക്കാന്‍ തുടങ്ങി.

ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ പലപ്പോഴും ഭദ്രമായി ബാറ്റേന്തിയ തമിഴ്‌നാട്ടുകാരന്‍ മുരളിയാണ് ആദ്യം മടങ്ങിയത്. ബാറ്റിലേക്ക്് കുത്തിതിരിഞ്ഞ പന്ത് പാഡില്‍ തട്ടിയപ്പോള്‍ ഇംഗ്ലീഷ് ടീം ഒന്നടങ്കം അപ്പീല്‍ മുഴക്കി. അമ്പയര്‍ വിരലുയര്‍ത്തി- മുരളി റിവ്യൂ ആവശ്യപ്പെട്ടു. പക്ഷേ വിജയം കുറാന്റെ പന്തിന് തന്നെയായിരുന്നു. ചേതേശ്വര്‍ പൂജാരക്ക്് പകരം ടീമിലെത്തിയ ലേകേഷ് രാഹുലാണ് മൂന്നാം നമ്പറില്‍ വന്നത്. കൂറാന്റെ ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി രാഹുല്‍ വരവറിയിച്ചുവെങ്കിലും അടുത്ത പന്ത് നേരെ സ്വന്തം സ്റ്റംമ്പിലേക്ക് വലിച്ചിഴച്ചു. തുടര്‍ന്ന് വന്നത് നായകന്‍ വിരാത്.

എജ്ബാസ്റ്റണ്‍ ഗ്യാലറി വിരാതിനൊപ്പമായിരുന്നില്ല. ജോ റൂട്ട് കഴിഞ്ഞ ദിവസം പുറത്തായപ്പോള്‍ വിരാത് നടത്തിയ ആഹ്ലാദ പ്രകടനം വാര്‍ത്തയായതോടെ കാണികളുടെ നോട്ടപ്പുള്ളിയായിരുന്നു ഇന്ത്യന്‍ കപ്പിത്താന്‍. കുറാന്റെ മൂളി പറന്ന പന്തുകള്‍ക്കൊപ്പം ഗ്യാലറിയും ബൂ ബൂ വിളിച്ചു… ആശങ്കയുടെ നിമിഷങ്ങളായിരുന്നു അത്. ഉച്ചഭക്ഷണത്തിലേക്ക് ടീം പോവുമെന്ന ഘട്ടത്തിലായിരുന്നു ധവാന് പിഴച്ചത്. 46 പന്തില്‍ 26 റണ്‍സുമായി പൊരുതുകയായിരുന്ന ഡല്‍ഹിക്കാരന്‍ സ്വിംഗ് ചെയ്ത പന്ത് ഡിഫന്‍ഡ് ചെയ്യാനാണ് ശ്രമിച്ചത്. പക്ഷേ ബാറ്റിലുരസി വന്ന പന്ത് സ്ലിപ്പില്‍ ഡേവിഡ് മലാന്റെ കരങ്ങളിലെത്തി. ലഞ്ചിന് മുമ്പ് തന്നെ ക്യാപ്റ്റന്‍ റൂട്ട് തന്റെ ഏക സ്പിന്നര്‍ ആദില്‍ റഷീദിന് ഒരു ഓവര്‍ നല്‍കി. പക്ഷേ സ്പിന്നിനെ കൈകാര്യം ചെയ്യാന്‍ മിടുക്കുള്ള ഇന്ത്യക്ക് ആ ഓവര്‍ ഭീഷണിയായിരുന്നില്ല.

തകര്‍ച്ചയുടെ ലക്ഷണങ്ങളായിരുന്നു അത്. ലഞ്ചിന് ശേഷം കോലിയും അജിങ്ക്യ രഹാനെയും പൊരുതാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സംഘത്തിലെ രണ്ട് വിശ്വസ്തര്‍. പക്ഷേ സ്റ്റോക്ക്‌സിന്റെ വരവില്‍ രഹാനെക്ക് പിഴച്ചു. വേഗമേറിയ പന്തില്‍ ബാറ്റ് വെക്കണോ, പിന്‍വലിക്കണമോ എന്ന ആശങ്കയില്‍ രഹാനെയുടെ ബാറ്റില്‍ പന്തുരസി-മൂന്നാം സ്ലിപ്പില്‍ ജെന്നിംഗ്‌സിന് ക്യാച്ച്. ഇരുപത്തിയെട്ടാം ഓവറിലാണ് ഇന്ത്യന്‍ സ്‌ക്കോര്‍ 100 കടന്നത്. കോലിക്കൊപ്പം വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് വന്നു. പക്ഷേ സന്നാഹ മല്‍സരത്തില്‍ മികവ് പ്രകടിപ്പിച്ച കീപ്പര്‍ക്ക് ഇവിടെ സ്റ്റോക്ക്‌സ് ചതികുഴിയൊരുക്കിയിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് പുറത്ത്. സ്റ്റോക്ക്‌സിന് ടെസ്റ്റ് കരിയറിലെ നൂറാമത് വിക്കറ്റ്. പിറകെ വന്ന ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ സ്‌റ്റേക്ക്‌സ് അപ്പീല്‍ മുഴക്കി. അമ്പയര്‍ അലീം ദര്‍ വിരലുമുയര്‍ത്തി. പക്ഷേ ഇന്ത്യ അപ്പീല്‍ ചെയ്തപ്പോള്‍ ആ അപ്പിലാണ് സത്യമെന്ന് വ്യക്തമായി.

പിറകെ വന്‍ ദുരന്തത്തില്‍ നിന്ന് ഇന്ത്യ രക്ഷപ്പെട്ടു. ആന്‍ഡേഴ്‌സന്റെ പന്തില്‍ ഫോമിലുളള കോലിയെ സ്ലിപ്പില്‍ മലാന്‍ വിട്ടു. ഹാര്‍ദ്ദിക്കുമൊത്ത് കോലി ഇന്ത്യയെ മുന്നോട്ട് നയിക്കവെ കൂറാന്‍ വീണ്ടുമെത്തി. സ്വിംഗ് ചെയ്ത സ്‌ട്രെയിറ്റ് ബോള്‍ നേരെ സ്റ്റംമ്പില്‍…
പകരം വന്ന ആര്‍.അശ്വിനെ സാക്ഷിയാക്കി കോലി അര്‍ധശതകം തികച്ചു. പിറകെ മറ്റൊരു ക്യാച്ചില്‍ നിന്നും അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ ആറ് വിക്കറ്റിന് 160 റണ്‍സായിരുന്നു. അശ്വിന്‍, ഷമി എന്നിവര്‍ അവസാന സെഷനില്‍ പുറത്തായപ്പോള്‍ ഇഷാന്ത് ശര്‍മ്മായായിരുന്നു സെഞ്ച്വറി നേട്ടത്തില്‍ കോലിക്ക് കൂട്ട്. രണ്ട് അപ്പിലൂകളെ അതിജയിച്ചു ഇഷാന്ത്.തുടര്‍ന്നായിരുന്നു കോലിയുടെ തകര്‍പ്പന്‍ പ്രകടനം. ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് അടിപൊളി ബാറ്റിംഗ്. ബൗണ്ടറികള്‍ ധാരാളം പിറന്നു. 149 വരെയെത്തി ഇന്ത്യന്‍ നായകന്‍. അവസാനം സ്പിന്നര്‍ റഷീദിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് ഹാപ്പിയായിരുന്നു

SHARE