ലോകത്തെ വിലപിടിപ്പുള്ള ഡ്രിങ്‌സ്‌ബോയ്; സഹതാരങ്ങള്‍ക്ക് കുടിവെള്ളവുമായായി ക്യാപ്റ്റന്‍ കോലി ഗൗണ്ടിലെത്തി

ധര്‍മ്മശാല: എതിരാളികളുടെ വിമര്‍ശന ശരങ്ങളോട് പുഞ്ചിരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ധര്‍മ്മശാലയില്‍ നടക്കുന്ന ഓസീസിനെതിരായ നിര്‍ണായകമായ ടെസ്റ്റില്‍ തോളിന് പരിക്കേറ്റ് പുറത്തിരിക്കുന്ന കോലിയാണ് ആരാധകരെ ഞെട്ടിച്ച് ഗ്രൗണ്ടിലെത്തിയത്. ക്യാപ്റ്റന്റെ ജാഡകളൊന്നുമില്ലാതെ മൈതാനത്തേക്ക് സഹതാരങ്ങള്‍ക്ക് കുടിവെള്ളവുമായായിരുന്നു കോലിയുടെ വരവ്. വെള്ളക്കുപ്പികളുമായുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ വരവ് അക്ഷരാര്‍ഥത്തില്‍ ആരാധകരുടെ ഹൃദയം കവരുന്നതായി.

ടെസ്റ്റ് തുടങ്ങി അഞ്ച് ഓവര്‍ പിന്നിട്ട ചെറിയ ഇടവേളയിലായിരുന്നു കോലി കുപ്പികളുമായി പുഞ്ചിരിച്ചെത്തിയത്.

ഗാലറിയിലെ കരഘോഷത്തൊടെയാണ് കോലി ഗ്രൗണ്ട് വിട്ടത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഡ്രിങ്സ്ബോയ് എന്നാണ് കമന്ററിക്കിടെ മുന്‍ ഓസീസ് താരം ബ്രെറ്റ് ലീ കോലിയെ വിശേഷിപ്പിച്ചത്. ട്വിറ്ററിലും ഫെയ്സ്ബുക്കിലുമെല്ലാം കോലിയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്.
അതേസമയം, നേരത്തെ ടെന്നീസ് എല്‍ബോ പരിക്കിന്റെ പിടിയില്‍ കഴിയുന്ന കാലത്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചില്‍ ടെന്‍ണ്ടുല്‍ക്കറും സഹതാരങ്ങള്‍ക്ക് കുടിവെള്ളവുമായി ഗ്രൗണ്ടിലെത്തിയിരുന്നു.