കോഹ്‌ലി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്; സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യക്കാരന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നാമതെത്തിയത്. സച്ചിന്‍ ടെണ്ടുക്കര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് കോഹ്‌ലി. സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദ്ര സേവാഗ്, ഗൗതം ഗംഭീര്‍ എന്നിവരാണ് സച്ചിന് മുമ്പ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.

ഏറ്റവും കൂടുതല്‍ റേറ്റിങ് പോയിന്റോടെ ഒന്നാം റാങ്കിലെത്തുന്ന ഇന്ത്യക്കാരനും കോഹ്‌ലിയാണ്. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റായ 934 പോയിന്റുമായാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള സ്മിത്തിന് 929 പോയിന്റാണുള്ളത്. ശനിയാഴ്ച സമാപിച്ച എജ്ബാസ്റ്റന്‍ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് തോറ്റെങ്കിലും കോഹ്‌ലി പുറത്തെടുത്ത പ്രകടനം ശ്രദ്ധേയമായിരുന്നു.

കോഹ്‌ലി സ്മിത്തിനെ മറികടന്നതല്ലാതെ പുതിയ റാങ്കിങ്ങിലെ ആദ്യ പത്തില്‍ മറ്റു മാറ്റങ്ങളില്ല. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് പട്ടികയില്‍ മൂന്നാമന്‍. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ നാലാമതും ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ അഞ്ചാമതുമുണ്ട്.

SHARE