വൈപ്പിന്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഉമ്മന്‍ചാണ്ടി

 

 

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: എല്‍.പി.ജി ടെര്‍മിനലിന് എതിരെ വൈപ്പിനിലെ ജനങ്ങള്‍ നടത്തി വരുന്ന സമരം പൊലീസിന്റെ അതിക്രൂരമായ ലാത്തിച്ചാര്‍ജിലൂടെ സ്‌ഫോടനാത്മകമായി മാറിയിരിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമരപ്പന്തലിലും പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റവരെ പ്രവേശിപ്പിച്ച എറണാകുളം ജനറല്‍ ആസ്പത്രിയിലും താന്‍ പോയിരുന്നു. ക്രൂരമായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെയാണ് കാണാന്‍ കഴിഞ്ഞത്. ഒട്ടും ന്യായീകരണില്ലാത്ത പൊലീസ് നടപടിയെന്ന് തനിക്ക് ഉറപ്പിച്ചു പറയാനാകും. രണ്ടു പ്രാവശ്യവും മൃഗീയമായ ലാത്തിച്ചാര്‍ജാണ് നടന്നത്.
ആരുടെ ഉത്തരവ് അനുസരിച്ചാണ് ഇത് എന്നാണ് എല്ലാവരുടേയും ചോദ്യം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. മന്ത്രി മെഴ്‌സിക്കുട്ടിയമ്മ വിളിച്ചുകൂട്ടിയ ചര്‍ച്ചയില്‍ വൈപ്പിനിലെ ജനപ്രതിനിധികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ എന്തുകൊണ്ടാണ് പാലിക്കപ്പെടാതെ പോയതെന്ന് മനസിലാകുന്നില്ല. പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സമരക്കാരെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതും അതുവരെ ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതും സ്വാഗതാര്‍ഹമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ എപ്പോഴും സമന്വയം ആവശ്യമാണ്. ചര്‍ച്ചകളിലൂടെ തെറ്റിദ്ധാരണ തിരുത്താനും ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനും സുരക്ഷ ഉറപ്പുവരുത്താനും സര്‍ക്കാരിന് ബാധ്യതയും ചുമതലയും ഉണ്ട്.
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാവില്ല. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. തങ്ങളുടെ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുമെന്ന് വിശ്വസിക്കുന്ന പദ്ധതിക്കെതിരെ ജനങ്ങള്‍ സമരം ചെയ്താല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പരസ്പരം കാര്യങ്ങള്‍ മനസിലാക്കുകയാണ് വേണ്ടത്. പ്രായോഗികമായ സമീപനം എല്ലാവരും ഉള്‍ക്കാള്ളണം.
സമരം ചെയ്യുന്ന നാട്ടുകാര്‍ വികസനത്തിന് എതിരല്ല. എന്നാലത് അവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന ആശങ്കകള്‍ പരിഹരിക്കപ്പെടണം. പ്രദേശവാസികളെ പൂര്‍ണമായും വിശ്വാസത്തിലെടുത്ത് മാത്രമേ വികസന കാര്യങ്ങളില്‍ മുമ്പോട്ട് പോകുവാന്‍ സാധിക്കുകയുള്ളൂ. ലക്ഷ്യം മാത്രമല്ല മാര്‍ഗവും നീതിപൂര്‍വമായിരിക്കണം. അതിലാണ് പൂര്‍ണ വിജയം. കൊച്ചി മെട്രോയിലൂടെ കൈവരിച്ച നേട്ടവും അതുതന്നെയാണ്. എല്ലാവരുടേയും അകമഴിഞ്ഞ സഹകരണത്തിലൂടെയാണ് കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായത്. വൈപ്പിനിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ചര്‍ച്ചകളിലൂടെ സര്‍ക്കാരിന് സാധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

SHARE