യു.പി പൊലീസ് വെടിവയ്പ്പിനെതിരെ പ്രതിഷേധം കനക്കുന്നു; മീററ്റിലേക്ക് തിരിച്ച് രാഹുലും പ്രിയങ്കയും

ലഖ്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട 18 പേരില്‍ 15 പേര്‍ക്കും വെടിയേറ്റിരുന്നതായാണ് റിപ്പോര്‍ട്ട്. യുപിയിലെ എട്ട് ജില്ലകളില്‍ നിന്നുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബിജെപി സര്‍ക്കാറിനെതിരെ പ്രതിഷേധം കനത്തത്. യോഗി പൊലീസിന്റെ അക്രമങ്ങള്‍ തുറന്നുകാട്ടുന്ന #YogiMustResign #YogiMassaccre ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രന്റാണ്‌.

ഇതിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ട മീററ്റിലേക്ക് പുറപ്പെട്ടു. അവിടെ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണും.

അതേസമയം കൊല്ലപ്പെട്ട 15 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് കൈമാറി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങളും പറയുന്നു.
ഫിറോസാബാദ് സ്വദേശിയായ റാഷിദിന് (35) തലയ്ക്കാണ് വെടിയേറ്റത്. സംഭവ സ്ഥലത്തുവെച്ചുതന്നെ റാഷിദ് മരിച്ചുവീണു. വാരാണസിയില്‍ എട്ടു വയസ്സുകാരന്‍ മുഹമ്മദ് സാഗീറും കൊല്ലപ്പെട്ടത് വെടിയേറ്റു തന്നെ. ലക്‌നോവിലെ മുഹമ്മദ് വക്കീല്‍ (32), കാണ്‍പൂരിലെ അഫ്താബ് ആലം (22), മുഹമ്മദ് സെയ്ഫ് (25), ബിജ്‌നോറില്‍ നിന്നുള്ള അനസ് (21), സുലെമാന്‍ (35), സാംബാലില്‍ നിന്നുള്ള ബിലാല്‍ (24), മുഹമ്മദ് ഷെഹ്‌റോസ് (23), മീററ്റില്‍ നിന്നുള്ള ജഹീര്‍ (33), മൊഹ്‌സിന്‍ (28), ഫിറോസാബാദില്‍ നിന്നുള്ള ആസിഫ് (20), ആരിഫ് (20); ഫിറോസാബാദിലെ നബി ജഹാന്‍ (24), റാംപൂരിലെ ഫൈസ് ഖാന്‍ (24) എന്നിവര്‍ക്ക് വെടിയുണ്ടയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


ഫായിസിന് അടിവയറ്റിലാണ് വെടിയേറ്റതെന്ന് സഹോദരന്‍ ഫറാസ് ഖാന്‍ വെളിപ്പെടുത്തി. സംഭവത്തിന് ഒരു ഡസനിലധികം ദൃക്‌സാക്ഷികളുണ്ട്. മുന്നില്‍ നിന്ന് വെടിവയ്ക്കാന്‍ ആര്‍ക്കാണ് സാധിക്കുകയെന്ന് പൊലീസിന് നന്നായി അറിയാം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ പൊലീസ് വെടിവയ്പിലാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിയുണ്ടയില്‍ നിന്നുള്ള പരിക്ക് മൂലമാണ് മരണമെന്ന് ദൗലത്ഗഞ്ച് നിവാസിയായ വക്കീലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി ലക്‌നോവിലെ പൊലീസ് വക്താവ് പറഞ്ഞു. വെടിയുണ്ടയേറ്റ ഭാഗം കറുത്തിരിക്കുന്നതായും അതിനാല്‍ വളരെ അടുത്ത് നിന്നാണ് വെടിയേറ്റതെന്ന് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നായ്ബസ്തിയിലെ പള്ളിക്ക് സമീപം നടന്ന പ്രതിഷേധത്തിനിടെ വെടിയേറ്റാണ് അഫ്താബും സെയ്ഫും മരിച്ചതെന്ന് കാണ്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ മനോജ് കുമാര്‍ ഗുപ്ത സ്ഥിരീകരിച്ചു. അതേസമയം പൊലീസാണ് വെടിവെച്ചതെന്ന് അഫ്താബ് പറഞ്ഞതായി സഹോദരന്‍ മുഹമ്മദ് റിസ്വാന്‍ പറഞ്ഞു. പൊലീസ് വെടിവെച്ചതായി ദൃക്‌സാക്ഷികളും പറയുന്നു. നഹ്തൂര്‍ പ്രദേശത്ത് ഏറ്റുമുട്ടലിനിടെ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് അനസും സുലമാനും മരിച്ചതിന് കാരണമെന്ന് ബിജ്‌നോര്‍ എസ്.പി സഞ്ജീവ് ത്യാഗി പറഞ്ഞു.

പ്രതിഷേധത്തിനിടെ മരിച്ച ബിലാലിനും ഷെഹ്‌റോസിനും വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി സാംബാല്‍ അഡീഷണല്‍ എസ്പി അലോക് കുമാര്‍ ജയ്‌സ്വാള്‍ പറഞ്ഞു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഷെറോസിന്റെ കുടുംബം പറയുന്നു.