ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ചിലരുടെ വാശി; നടിമാരുടെ രാജിയില്‍ പ്രതികരിച്ച് വിനയന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവെച്ചതിനെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. രാജിവെച്ച നടിമാര്‍ക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും അമ്മയുടെ ഭാഗത്തു നിന്ന് കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും വിനയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സംഘടനാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ മണ്ടത്തരമാണെന്ന് വിനയന്‍ പറഞ്ഞു. ചിലരുടെ വാശി കാരണം മാത്രമാണ് തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയമുണ്ടായപ്പോള്‍ ബഹളം വെച്ച് ഇളിഭ്യരായ ചില നേതാക്കളുടെ വാശി മാത്രമാണിത്. തങ്ങള്‍ ഇങ്ങനെ ചെയ്യുമെന്ന വാശിയുടെ പുറത്തുണ്ടായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ശക്തമായി പ്രതികരിച്ച ചെറുപ്പക്കാരായ നടന്മാര്‍ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം അവസരങ്ങള്‍ ത്യജിച്ചു കൊണ്ട് അഭിപ്രായം തുറന്നു പറയാനുള്ള ധൈര്യം കാണിക്കാന്‍ ആരും തയാറായില്ലെന്നും സംഘടനക്ക് തെറ്റു പറ്റിയെന്ന് തോന്നിയാല്‍ തിരുത്താന്‍ എത്രയോ വഴികളുണ്ടെന്നും ആക്രമണത്തിനിരയായ നടിയോട് മാപ്പു പറയാമായിരുന്നുവെന്നും വിനയന്‍ പറഞ്ഞു.