‘താജ്മഹല്‍’; വീണ്ടും വര്‍ഗ്ഗീയ വിഷമെറിഞ്ഞ് ബി.ജെ.പി നേതാവ് വിനയ് കത്യാര്‍

ലക്‌നൗ: താജ് മഹലിനെതിരെ വീണ്ടും വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന പരാമര്‍ശവുമായി ബി.ജെ.പി നേതാവ് രംഗത്ത്. താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ എം.പിയുമായ വിനയ് കത്യാര്‍ പറഞ്ഞു. തേജോ മഹാലയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രം മുഗള്‍ രാജാവായ ഷാജഹാന്‍ തകര്‍ക്കുകയായിരുന്നു. പിന്നീട് ആ സ്ഥാനത്ത് താജ്മഹല്‍ പണികഴിപ്പിക്കുകയായിരുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനയ് കത്യാര്‍ ആരോപിച്ചു.

അതേസമയം, താജ്മഹലിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സ്ന്ദര്‍ശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. അടുത്തയാഴ്ച്ചയാണ് യോഗി താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത് സോമും അടുത്തിടെ പറഞ്ഞിരുന്നു. തുടര്‍ച്ചയായുള്ള വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് യോഗിയുടെ താജ്മഹല്‍ സന്ദര്‍ശനം.

യു.പിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായുള്ള വിവാദ പരാമര്‍ശങ്ങള്‍ എത്തുന്നത്.