ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു

റാഞ്ചി: ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ വിനീത് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് ഒരു സംഘമാളുകള്‍ വിനീതിനെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഉറങ്ങുകയായിരുന്ന യുവാവിനെ വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തെത്തിച്ച് വടി കൊണ്ട് മര്‍ദിച്ചു. ഇതിനിടെ വലിയ കല്ല് കൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു. തലയ്ക്ക് മാരകമായ പരിക്കേറ്റാണ് മരണം സംഭവിച്ചത്.

ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഏഴ് മാസം മുമ്പാണ് വിനീത് പോലീസിന്റെ പിടിയിലാകുന്നത്. ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. വിനീത് ജാമ്യത്തിലിറങ്ങിയ വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരിഭ്രാന്തരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

SHARE