കാന്‍പുര്‍: ‘അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് മറിഞ്ഞപ്പോള്‍ വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചു. പരുക്കേറ്റ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് തങ്ങള്‍ക്കു നേരേ വെടിയുതിര്‍ത്തപ്പോള്‍ ഞങ്ങള്‍ക്കു മുന്നില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു’ ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൊടുംകുറ്റവാളി വികാസ് ദുബെയെ വെടിവച്ചു കൊന്ന സംഭവത്തില്‍ ആദ്യം പുറത്തു വന്ന പ്രതികരണം കാന്‍പുര്‍ വെസ്റ്റ് എസ്പിയുടേതായിരുന്നു. പലതവണ വെടിയൊച്ച കേട്ടതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനില്നിന്നാണ് ദുബെയെ പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെ 7 മണിയോടെ മധ്യപ്രദേശില്‍നിന്ന് കാന്‍പുരിലേക്ക് വികാസ് ദുബെയെയും കൊണ്ട് ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് വരുന്ന വഴി മൂന്ന് അകമ്പടി വാഹനങ്ങളില്‍ ഒന്ന് അപകടത്തില്‍പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെയോടു കീഴടങ്ങാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്റെ തോക്കു തട്ടിയെടുത്തു തിരിച്ചാക്രമിക്കാന്‍ ദുബെ ശ്രമിച്ചതോടെ ഗത്യന്തരമില്ലാതെ വെടിവച്ചു വീഴ്ത്തിയെന്നാണു പൊലീസ് ഭാഷ്യം.
വികാസ് ദുബെ കീഴടങ്ങാന്‍ പലതവണ പൊലീസിനെ സന്നദ്ധത അറിയിച്ചിട്ടും പൊലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്നു നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ജൂലൈ അഞ്ചിനും ആറിനും നോയിഡയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ വീട്ടില്‍ വികാസ് ദുബെ ഉണ്ടായിരുന്നുവെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുപി കാന്‍പുരിലെ ബിക്രു ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിനു നേരെ വെടിവയ്പ്പുണ്ടായത്. ഡിഎസ്പി റാങ്കിലുള്ള ഒരു സര്‍ക്കിള്‍ ഓഫിസറും മൂന്നു സബ് ഇന്‍സ്പെക്ടറും നാലു കോണ്‍സ്റ്റബിള്‍മാരും അടക്കം 8 പേര് ആണ് കൊല്ലപ്പെട്ടത്. തലയറുത്തു മാറ്റിയ നിലയിലായിരുന്നു കൊല്ലപ്പെട്ട ഡിവൈഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരം മുഴുവന്‍ വെട്ടിപരുക്കേല്‍പ്പിച്ചിരുന്നു.കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കത്തിച്ചു കളയാന്‍ വികാസ് ദുബൈ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു.