ലഖ്നൗ: കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. കാണ്‍പുര്‍ ജില്ലാ ഭരണകൂടമാണ് ജെ.സി.ബികള്‍ ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. വ്യാഴാഴ്ച രാത്രി വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിലെ എട്ടു പേരെ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
അതേസമയം, സംഭവത്തിന് ശേഷം ഒളിവില്‍പോയ വികാസ് ദുബെയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഉത്തര്‍ പ്രദേശ് പൊലീസ് അറിയിച്ചു. 25 പ്രത്യേക സംഘങ്ങളെയാണ് വികാസ് ദുബെയെ കണ്ടെത്താനുള്ള അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ വിവിധ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും അന്വേഷണം തുടരുകയാണെന്നും കാണ്‍പുര്‍ ഐ.ജി. മോഹിത് അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ദുബെയുടെ ലഖ്നൗ കൃഷ്ണനനഗറിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. അഞ്ഞൂറിലധികം മൊബൈല്‍ നമ്പറുകള്‍ നിലവില്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ദുബെയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.