സമയം കിട്ടാത്തതുകൊണ്ടാണ് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കത്തിക്കാതിരുന്നതെന്ന് കൊടുംകുറ്റവാളി വികാസ് ദുബെ

ന്യൂഡല്‍ഹി: പൊലീസ് വീട്ടില്‍ പരിശോധനയ്ക്ക് വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി കൊടുംകുറ്റവാളി വികാസ് ദുബെ. പൊലീസിലെ ചിലരാണ് ഈ വിവരം ചോര്‍ത്തി നല്‍കിയതെന്നും ദുബെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

ഏറ്റുമുട്ടലിന് തയ്യാറായാണ് പൊലീസ് സംഘം വരുന്നതെന്നായിരുന്നു വിവരം. പൊലീസ് വെടിവെപ്പ് നടത്തുമെന്ന ഭയംകൊണ്ടാണ് അവര്‍ക്ക് നേരേ ആദ്യം വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട പോലീസുകാരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളി. തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹങ്ങള്‍ കത്തിക്കാനായിരുന്നു പദ്ധതിയിട്ടത്.

എന്നാല്‍ അതിനുള്ള സമയം കിട്ടിയില്ലെന്നും അതിന് മുമ്പ് വീട്ടില്‍നിന്ന് രക്ഷപ്പെടേണ്ടിവന്നെന്നും ദുബെ പറഞ്ഞു.രാവിലെ റെയ്ഡ് നടക്കുമെന്നായിരുന്നു തങ്ങള്‍ക്ക് കിട്ടിയ വിവരം. എന്നാല്‍ പൊലീസ് രാത്രിയില്‍തന്നെ വന്നു. തങ്ങള്‍ ഭക്ഷണംപോലും കഴിച്ചിരുന്നില്ല. കൂട്ടാളികളോടെല്ലാം വിവിധ ഭാഗങ്ങളില്‍ പോയി നിലയുറപ്പിക്കാന്‍ താന്‍ തന്നെയാണ് പറഞ്ഞത്. രാജു എന്നയാളാണ് ജെസിബി റോഡിന് കുറുകെ നിര്‍ത്തിയിട്ടത്. ജെസിബിയുടെ ഉടമ തന്റെ അമ്മാവനാണെങ്കിലും അദ്ദേഹമല്ല ജെസിബി ഉപയോഗിച്ച് വഴി തടസപ്പെടുത്തിയതെന്നും ദുബെ പോലീസിനോട് പറഞ്ഞു.

ഡിഎസ്പി ദേവേന്ദ്ര മിശ്രയെ കൊലപ്പെടുത്തിയത് താനല്ലെന്നാണ് ദുബെയുടെ മൊഴി. ദേവേന്ദ്രമിശ്ര തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. അയാള്‍ തനിക്കെതിരാണെന്ന് എസ്.എച്ച്.ഒ. വിനയ് തിവാരി നേരത്തെ പറഞ്ഞിരുന്നു. ദേവേന്ദ്രമിശ്രയോട് ശരിക്കും ദേഷ്യമുണ്ടായിരുന്നു. എന്നാല്‍ അയാളെ കൊന്നത് താനല്ല. തന്റെ സംഘത്തില്‍പ്പെട്ട ഒരാള്‍ അമ്മാവന്റെ വീടിന് മുന്നില്‍വെച്ച് തന്റെ കണ്മുന്നിലിട്ടാണ് ദേവേന്ദ്രമിശ്രയെ കൊലപ്പെടുത്തിയതെന്നും ദുബെ മൊഴി നല്‍കി.

SHARE