കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി അറസ്റ്റില്‍

കാന്‍പുര്‍: കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി ദയാശങ്കര്‍ അഗ്‌നിഹോത്രി പോലീസ് പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ദയാശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കല്യാണ്‍പുര്‍ മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെ അവിടെ എത്തിയിരുന്നു.

എന്നാല്‍ പോലീസിന് നേരേ വെടിയുതിര്‍ത്ത് ദയാശങ്കര്‍ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് കാലിന് വെടിവെച്ച് പോലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തുകയും പിടികൂടുകയുമായിരുന്നു. ഇയാളില്‍നിന്ന് നാടന്‍ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു.

വ്യാഴാഴ്ച രാത്രി എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദയാശങ്കര്‍ അഗ്‌നിഹോത്രിയും പ്രതിയാണ്. വികാസ് ദുബെയെ പിടികൂടാന്‍ പോലീസ് സംഘം വരുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ചൗബേയ്പുര്‍ പോലീസ് സ്‌റ്റേഷനില്‍നിന്നാണ് ഈ വിവരം ലഭിച്ചത്. തുടര്‍ന്ന് വികാസ് ദുബെയുടെ നേതൃത്വത്തില്‍ കൂടുതല്‍പേര്‍ വീട്ടിലും പുറത്തും സംഘടിച്ചിരുന്നു. ഇവരാണ് പോലീസ് സംഘത്തെ ആക്രമിച്ചത്.

അതേസമയം, കൊടുംകുറ്റവാളി വികാസ് ദുബെയെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. വികാസ് ദുബെയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം പോലീസ് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. കഴിഞ്ഞദിവസം അമ്പതിനായിരം രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. ഇയാളുടെ സംഘത്തില്‍പ്പെട്ട 18 പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

SHARE