വിജയ്‌ക്കെതിരായ അടുത്തനീക്കം ഉറ്റുനോക്കി തമിഴ്‌ലോകം; ഭാര്യയെ ചോദ്യം ചെയ്യുന്നു

ചെന്നൈ: നടന്‍ വിജയിയുടെ ഭാര്യ സംഗീതയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നാണ് സൂചന. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുള്ളതെന്നാണ് സൂചന. അതേസമയം, വിജയിയുടെ ചോദ്യം ചെയ്യല്‍ 24 മണിക്കൂറും കടന്നിരിക്കുകയാണ്.

ചെന്നൈ നീലാങ്കരൈയില്‍ ഭൂമി വാങ്ങിയതും പൂനമല്ലിയില്‍ കല്യാണമണ്ഡപം പണിഞ്ഞതും സംബന്ധിച്ചുള്ള കണക്കുകളും രേഖകളുമാണ് ഐടി വകുപ്പ് ഇപ്പോള്‍ പരിശോധിക്കുന്നത്.

അതേസമയം, വിജയ് ആരാധകരുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി. നടീ-നടന്‍മാരുടെ സംഘടനയായ നടീകര്‍ സംഘം ഇതുവരേയും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

‘ബിഗില്‍’ സിനിമയുടെ നിര്‍മാതാവും എജിഎസ് സിനിമാസിന്റെ ഉടമയുമായ അന്‍പുച്ചെഴിയന്റെ വസതിയില്‍ നിന്ന് 65 കോടി രൂപ കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്. ചെന്നൈയിലെ വസതിയില്‍ നിന്ന് 50 കോടി രൂപയും മധുരയിലെ വസതിയില്‍ നിന്ന് 15 കോടി രൂപയും കണ്ടെടുത്തു എന്നാണ് വിവരം. ഇന്നലെ മുതല്‍ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്.

ഇന്നലെ വൈകുന്നേരമാണ് വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിലാവുന്നത്. കടലൂരിനടുത്തുള്ള നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനിലെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തി ആദായനികുതി വകുപ്പ് വിജയ്ക്ക് സമന്‍സ് കൈമാറുകയായിരുന്നു. തുടര്‍ന്ന് ആദ്യഘട്ട ചോദ്യം ചെയ്യല്‍. ഷൂട്ടിങ്ങ് നിര്‍ത്തിവച്ചതിന് പിന്നാലെ നടനെ കാറില്‍ കയറ്റി മണിക്കൂറോളം യാത്ര ചെയ്ത് ചെന്നൈയിലേക്കെത്തിച്ചു. വസതിയിലെത്തിച്ച് അര്‍ധരാത്രിയിലുമുള്ള ചോദ്യം ചെയ്യല്‍ നീണ്ടത് പുലര്‍ച്ചെ 2.30 വരെ.

അതേസമയം, സംയമനം പാലിക്കണമെന്നാണ് ആരാധകരോട് വിജയ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദേശം. ബിജെപി ഇളയദളപതിയെ വേട്ടയാടുന്നുവെന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന ആരോപണം.

SHARE