ഞങ്ങളെ വിമര്‍ശിച്ചാല്‍ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കും; സൈബറാക്രമണത്തെ ന്യായീകരിച്ച് എ. വിജയരാഘവന്‍

തിരുവനന്തപുരം: മനോരമ ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരെ ദേശാഭിമാനി ജീവനക്കാരന്റെ നേതൃത്വത്തില്‍ നടക്കുന്ന സൈബറാക്രമണത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മാധ്യമപ്രവര്‍ത്തകര്‍ സിപിഎം നേതാക്കളെ വിമര്‍ശിക്കുന്നത് കൊണ്ടാണ് തിരിച്ച് വ്യക്തിപരമായി അധിക്ഷേപങ്ങള്‍ വരുന്നത്. നേതാക്കളെ വിമര്‍ശിച്ചാല്‍ അതുപോലെ തിരിച്ചുമുണ്ടാവും. നേതാക്കളെയും മന്ത്രിമാരെയും വിമര്‍ശിക്കുന്നതിനെ മാധ്യമസ്വാതന്ത്ര്യമായി പരിഗണിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

നിഷ പുരുഷോത്തമനെതിരെ ഏറെക്കാലമായി സിപിഎം ആസൂത്രിതമായ ആക്രമണമാണ് നടത്തുന്നത്. താന്‍ കോണ്‍ഗ്രസാണെന്നും തുറന്നു പറഞ്ഞ മാധ്യമപ്രവര്‍ത്തകയാണ് നിഷ. അന്ന് മുതല്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും നിഷയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പതിവാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന സൈബറാക്രമണം. നിരവധി തവണ ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നിഷ പറഞ്ഞു.

SHARE