കൊച്ചി: ഹൃദയാഘാതമ മൂലം മരണപ്പെട്ട ഭാര്യയുടെ ചേതനയറ്റ ശരീരം കാണാന്‍ വിജയകുമാര്‍ നാട്ടിലെത്തി. ഒട്ടോറെ പ്രതിബന്ധങ്ങള്‍ താണ്ടിയാണ് വിജയ്കുമാര്‍ നാട്ടിലെത്തിയത്. ഭാര്യ ഈ മാസം പത്തിന് മരിച്ചിരുന്നു. എന്നാല്‍ വിമാനത്തില്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ യാത്ര നീളുകയായിരുന്നു. ഇന്നലെ രാത്രി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വിജയകുമാര്‍ ഇന്ന് ജില്ലാ ആശുപത്രിയിലെ മോച്ചറിയില്‍ ഭാര്യയെ കാണാനെത്തും.
ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറാണ് വിജയകുമാര്‍. ഭാര്യ ഗീത ഈ മാസം 10ന് ഹൃദയാഘാതം മൂലമാണ് നാട്ടില്‍ മരിച്ചത്. ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാന്‍ വിജയകുമാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, നാട്ടിലേക്ക് വരാനുള്ള ശ്രമങ്ങളെല്ലാം വിമാനങ്ങളില്‍ സീറ്റ് ഒഴിവില്ലാത്തതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ വിജയകുമാറിന്റെ സങ്കടം പിന്നീട് മാധ്യമങ്ങളാണ് പുറംലോകത്തെ അറിയിക്കുകയായിരുന്നു. നാട്ടിലേക്കുള്ള വിമാനത്തില്‍ ആരുടെയെങ്കിലും യാത്ര ഒഴിവായാല്‍ അതു തനിക്കു ലഭിക്കുമോ എന്ന പ്രതീക്ഷയില്‍ മേയ് 10 മുതല്‍ വിജയകുമാര്‍ ദുബായ് വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
ടിക്കറ്റ് ലഭിക്കാനുള്ള ശ്രമങ്ങള്‍ വിജയകുമാര്‍ തുടരുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസ് എന്നിവയിലൂടെ യുഎഇയിലെ എംബസി ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് ലഭിച്ചില്ല. ടിക്കറ്റ് ലഭിക്കാന്‍ യുഎഇയിലെ എംബസി കയറിയിറങ്ങുകയായിരുന്നു വിജയകുമാര്‍. ഒടുവില്‍ സാമൂഹിക പ്രവര്‍ത്തകനും ഇന്‍കാസ് നേതാവുമായ അഡ്വ.ടി.കെ.ഹാഷിക് നല്‍കിയ വിമാന ടിക്കറ്റിലാണ് വിജയകുമാര്‍ ഇന്നലെ ഉച്ചയോടെ ദുബായ് വിമാനത്താവളത്തില്‍ നിന്നു യാത്ര തിരിച്ചത്.
ഇന്നലെ രാത്രിയോടെ വിജയകുമാര്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ദുബായ്‌കൊച്ചി വിമാനത്തിലെ (കത 434 ) 181 യാത്രക്കാരില്‍ ഒരാളായിരുന്നു വിജയകുമാര്‍. ഇന്നലെ രാത്രി മുഴുവന്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാണ് വിജയകുമാര്‍ കഴിഞ്ഞത്. ഇന്ന് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തി ഭാര്യ ഗീതയുടെ ചേതനയറ്റ ശരീരം അവസാനമായി കാണും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും വിജയകുമാര്‍ ആശുപത്രിയിലെത്തുക.
കഴിഞ്ഞ ശനിയാഴ്ചയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗീത ആശുപത്രിയിലേക്കു പോകുന്നത്. മരുന്നു വാങ്ങി തിരിച്ചെത്തിയെങ്കിലും വീണ്ടും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 22 വര്‍ഷമായി വിജയകുമാര്‍ പ്രവാസിയാണ്. ഇവര്‍ക്ക് മക്കളില്ല. നാട്ടിലെത്താന്‍ തന്നെ സഹായിച്ച മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള എല്ലാവര്‍ക്കും വിജയകുമാര്‍ നന്ദി അറിയിച്ചു.