‘അതെ ജോസഫ് വിജയ് തന്നെ’; മെര്‍സല്‍ വിവാദത്തില്‍ മറുപടിയുമായി വിജയ്

മെര്‍സല്‍ വിവാദത്തില്‍ പ്രതികരണവുമായി വിജയ്. സി.ജോസഫ് വിജയ് എന്ന പേരില്‍ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലൂടെയാണ് വിജയ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും അതെല്ലാം മറികടന്നുകൊണ്ട് പിന്തുണച്ചവര്‍ക്ക് വിജയ് നന്ദി പറഞ്ഞു. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും നടികര്‍സംഘത്തിനും നിര്‍മാതാവിനും രാഷ്ട്രീയപ്രമുഖര്‍ക്കും സാധാരണകാര്‍ക്കും ആരാധകര്‍ക്കും വിജയ് നന്ദി അറിയിച്ചു. വിജയിയുടെ മതം പറഞ്ഞ് പ്രതിരോധിച്ച ബി.ജെ.പി നേതാക്കള്‍ക്കുള്ള മറുപടി കൂടിയായിരുന്നു സി. ജോസഫ് വിജയ് എന്ന് കുറിപ്പില്‍ ചേര്‍ത്തത്.

മോദി സര്‍ക്കാരിന്റെ ജിഎസ്ടിയെയും നോട്ട് അസാധുവാക്കല്‍ നടപടിയേയും വിമര്‍ശിച്ചതാണ് മെര്‍സലിനെതിരെ തിരിയാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. ചിത്രത്തില്‍ നിന്നും പ്രസ്തുത സീനുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. വിജയ് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടയാളായതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ വിമര്‍ശിച്ചിരുന്നു.

തന്റെ കത്തിനു മുകളില്‍ ജീസസ് രക്ഷിക്കട്ടെ എന്നും സി. ജോസഫ് വിജയ് എന്ന പൂര്‍ണ്ണരൂപം എഴുതിയതിലൂടെയും വിമര്‍ശിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.  രജിനി കാന്ത്, കമല്‍ഹാസന്‍, വിശാല്‍, സംവീധായകന്‍ പാ.രഞ്ജിത്ത് തുടങ്ങി നിരവധിപേരും രാഹുല്‍ ഗാന്ധിയടക്കമുള്ള രാഷ്ട്രീയ നേതാക്കളും മെര്‍സലിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം

ദീപാവലി ഉത്സവ സമയത്ത് പുറത്തിറങ്ങിയ മെര്‍സല്‍ ഇപ്പോള്‍ തിയറ്ററുകളില്‍ വിജയകരമായി ഓടുകയാണ്. ചിത്രത്തിന് നേരെ ചില എതിരഭിപ്രായങ്ങള്‍ വന്നിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുമുള്ള എന്റെ സുഹൃത്തുക്കള്‍, സഹനടന്മാര്‍, സംവിധായകര്‍, നടിഗര്‍ സംഘം, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, നേതാക്കന്മാര്‍, പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ സുഹൃത്തുക്കള്‍, എന്റെ ആരാധകര്‍ (നന്‍പര്‍), സാധാരണക്കാര്‍, എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് മെര്‍സലിന്റെ മുഴുവന്‍ ടീമിനും വേണ്ട സഹായം നല്‍കി.
മെര്‍സല്‍ വിജയമാക്കി മാറ്റിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, എല്ലാ പ്രതിസന്ധികളിലും നല്‍കിയ പിന്തുണയ്ക്കും നന്ദി. നന്ദി,

നിങ്ങളുടെ വിജയ്

SHARE