ലണ്ടന്‍: ശതകോടികളുടെ വായ്പയെടുത്ത് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ അത്രയെളുപ്പത്തില്‍ തിരികെ കൊണ്ടുവരാനാകില്ലെന്ന് വിലയിരുത്തല്‍. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ മല്യ സമര്‍പ്പിച്ച ഹര്‍ജി യു.കെ കോടതി തള്ളിയെങ്കിലും ബ്രിട്ടനില്‍ അഭയത്തിനുള്ള അപേക്ഷ നല്കിയാല് അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ബുദ്ധിമുട്ടാണ് എന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. ഏതുവിധേനയും ഇന്ത്യയിലെത്താതിരിക്കാന്‍ ശ്രമം നടത്തുന്ന മല്യ ഇതിനായുള്ള അപേക്ഷ നല്‍കാനുള്ള സാദ്ധ്യത ഏറെയാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
‘അദ്ദേഹം (മല്യ) മിക്കവാറും അഭയത്തിന് വേണ്ടി അപേക്ഷിക്കും. അത് അവസാന നിമിഷം മാത്രമേ അറിയൂ. മല്യയുടെ അപേക്ഷ പരിഗണിക്കുകയാണെങ്കില്‍ പോലും അദ്ദേഹത്തെ ഇന്ത്യയ്ക്ക് വിട്ടു കിട്ടില്ല’ – ഇംഗ്ലീഷ് നിയമതര്‍ക്കങ്ങളില്‍ വിദഗ്ദ്ധയായ ലണ്ടന്‍ ബാരിസ്റ്റര്‍ കരിഷ്മ വോറ പറഞ്ഞു. ഒരിക്കല്‍ തള്ളിയാല്‍ പോലും വീണ്ടും അപേക്ഷിക്കാന്‍ നിയമം ഹര്ജിക്കാരന് അവസരം നല്‍കുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രക്രിയയാണിത്. അഭയം ഒരു മികച്ച നിയമതന്ത്രമാണ്. കിട്ടിയാല്‍ ഹര്ജിക്കാരന് സമ്പൂര്‍ണ്ണ സംരക്ഷണം കിട്ടും. മല്യ അഭയം തേടിയിട്ടുണ്ടോ എന്ന് സി.ബി.ഐക്ക് അറിയില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.

2003ലെ ഇംഗ്ലീഷ് എക്സ്ട്രാഡിക്ഷന്‍ നിയമത്തിലെ വകുപ്പ് 39(3) പ്രകാരം നാടുകടത്താന്‍ വിധിക്കപ്പെടുന്നയാള്ക്ക് അഭയത്തിന് അപേക്ഷിക്കാം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും വരെ പ്രതിയെ നാടുകടത്തരുത് എന്നാണ് ചട്ടം.
‘ആഭ്യന്തര ഓഫീസിലെ ചുരുക്കം ചിലര്‍ക്കു മാത്രമേ ഇതിന്റെ വിചാരണയെ കുറിച്ച് അറിയൂ. രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളാണിത്. അതു കൊണ്ടു തന്നെ അഭയത്തിന് അപേക്ഷ കൊടുത്താലും ഹര്‍ജിക്കാരന്റെ രാജ്യത്തിന് അതറിയാനാകില്ല. ഇതുവരെ മല്യ അഭയം തേടിയിട്ടില്ല. അദ്ദേഹം അതിന് അപേക്ഷിച്ചാല്‍ അത് വര്‍ഷങ്ങള്‍ എടുക്കും’ – വോറ പറഞ്ഞു.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹായി ടൈഗര്‍ ഹനീഫ് എന്ന ഹനിഫ് മുഹമ്മദ് ഉമര്‍ജി പട്ടേലിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം ഈയിടെ ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസ് റദ്ദാക്കിയിരുന്നു. ഇദ്ദേഹത്തെ കൈമാറാന്‍ 2012ല്‍ കോടതി ഉത്തരവിട്ടിരുന്നു എങ്കിലും ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നിരാകരിക്കുകയായിരുന്നു. ഇന്ത്യയും യു.കെയും തമ്മിലുള്ള കുറ്റവാളികളെ കൈമാറല്‍ കരാര്‍ പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

ഈ സാഹചര്യത്തിലാണ് മല്യയുടെ കേസും പ്രസക്തമാകുന്നത്. നിലവില്‍ പ്രീതി പട്ടേലാണ് ആഭ്യന്തര സെക്രട്ടറി. മല്യയെ കൈമാറുന്ന കാര്യത്തില്‍ അന്തിമ വാക്ക് പട്ടേലിന്റേതാണ്. എന്നാല്‍ അഭയാപേക്ഷ തള്ളിയാല്‍ മാത്രമേ സെക്രട്ടറി ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. മാനുഷിക കാരണങ്ങളാലാണ് ഹനീഫിനെ ഇന്ത്യയ്ക്ക് കൈമാറുന്നത് ആഭ്യന്തര മന്ത്രാലയം തടഞ്ഞത്. സമാന വാദമായിരിക്കും മല്യയും ഉന്നയിക്കുക.
മദ്യക്കമ്പനി മുതല്‍ വിമാനക്കമ്പനി വരെ സ്വന്തമായുള്ള മല്യ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് തൊണ്ണൂറായിരം കോടി രൂപയാണ് വായ്പയെടുത്തിരുന്നത്. ഇന്ത്യ വിട്ട മല്യ ബ്രിട്ടനില്‍ അറസ്റ്റിലായിരുന്നു എങ്കിലും ഉടന്‍ തന്നെ ജാമ്യം ലഭിച്ചു. ഈയിടെ വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാമെന്നും തനിക്കെതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്നും മല്യ ആവശ്യപ്പെട്ടിരുന്നു.