ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റിലും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ബാറ്റിങ് വിസ്മയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വിരാട് കോഹ്ലിയുടെ അപാരിജിത 156 റണ്‍സിന്റെ മികവില്‍ നാലിന് 371 റണ്‍സ് നേടി. ആറു റണ്‍സുമായി രോഹിത് ശര്‍മയാണ് കോഹ്ലിക്കൊപ്പം ക്രീസില്‍.
സ്കോര്‍ ഇന്ത്യ- 371/4 , 90 ഓവര്‍ ( വിരാട് കോഹ്ലി 156*, മുരളി വിജയ് 155, ലക്ഷന്‍ സന്ദാഗന്‍ 110/2)
ആദ്യ ടെസ്റ്റില്‍ കൊല്‍ക്കത്തയില്‍ സെഞ്ച്വിയും നാഗ്പൂരിലെ രണ്ടാം മത്സരത്തില്‍ ഡബിളും തികച്ച കോഹ്ലി ഡല്‍ഹിയിലും തന്റെ ഫോം നിലനിര്‍ത്തി.ഏകദിന ശൈലിയില്‍ ബാറ്റു ചെയ്ത കോഹ്ലി 178 പന്തില്‍ നിന്നാണ് 150 കടന്നത്.ഇതു എട്ടാം തവണയാണ് ടെസ്റ്റില്‍ 150 പ്ലസ് സ്കോര്‍ കോഹ്ലി സ്വന്തമാക്കുന്നത്. ഡല്‍ഹിയില്‍ 110 പന്തുകളില്‍ പതിനാലു ഫോറിന്റെ സഹായത്തോടെയാണ് ടെസ്റ്റ് കരിയറിലെ ഇരുപതാം ശതകം പൂര്‍ത്തിയാക്കി. നാഗ്പൂരില്‍ ഡബിള്‍ തികച്ച നായകന് തന്റെ ഫോമിന്റെ കൊടുമുടിയിലാണ്. ഇതിനിടയില്‍ ടെസ്റ്റില്‍ അയായിരം ക്ലബില്‍ കോഹ്ലി ഇടം പിടിച്ചു. 105 ഇന്നിങ്സുകളില്‍ നിന്നാണ് ഇന്ത്യന്‍ നായകന് 5000 റണ്‍സ് നേടുന്നത്. ഇന്ത്യക്കായി വേഗത്തില്‍ അയായിരം റണ്‍സു നേടുന്ന നാലാമത്തെ താരമാണ് കോഹ്ലി. സുനില്‍ ഗവാസ്കര്‍ (95 ഇന്നിങ്സ്), വീരേന്ദര്‍ സെവാഗ് (99) സച്ചിന് തെന്‍ണ്ടുക്കര്‍ (103) എന്നിവരാണ് കോഹ്ലി മുന്നില്‍.
It's the eighth time he's scored 150! Well played @imVkohli! 👏 #INDvSL pic.twitter.com/P80wWotcFA
— ICC (@ICC) December 2, 2017
നായകനൊപ്പം ക്രീസില്‍ നിലയുറപ്പിച്ച ഓപണര്‍ മുരളി വിജയും ഗംഭീര പ്രകടനമാണ് ഇന്ന് പുറത്തെടുത്ത്. 267 പന്തുകള്‍ നേരിട്ട വിജയ് 155 റണ്‍സുമായാണ് പിരിഞ്ഞത്. ഇതിനിടയില്‍ 163 പന്തില്‍ ഒമ്പതു ഫോറിന്റെ അകമ്പടിയോടെ കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറി നേടി. ഒരിടവേളക്കു ശേഷം ടീമില്‍ മടങ്ങിയെത്തിയ വിജയ് തുടരെ രണ്ടു മത്സരങ്ങളിലും സെഞ്ച്വറി നേടി ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. മൂന്നാം വിക്കറ്റില്‍ വിജയ്- കോഹ്ലി സംഖ്യം 283 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഒടുവില്‍ ഒന്നാം ദിനത്തിലെ അവസാന ഓവറുകളില്‍ സന്ദാഗനാണ് ഈ സംഖ്യം പിരിച്ചത്.
23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാന്റേയും ചേതേശ്വര്‍ പൂജാരയുടേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്ത്. ഒന്നാം ദിവസത്തെ കളി അവസാനിക്കാന്‍ മിനുറ്റുകള്‍ ശേഷിക്കെ ക്രീസിലെത്തിയെ അജിന്‍ക്യ രഹാനെ ഒരു റണ്‍സുമായി മടങ്ങിയത് മാത്രമാണ് ഇന്ത്യക്ക് ആദ്യ ദിവസത്തെ തിരിച്ചടി. ലക്ഷന്‍ സന്ദാഗന്‍ ലങ്കക്കായി രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ലഹിരു ഗാമേജും ദില്‍റുവാന്‍ പെരേരയും ഓരോ വിക്കറ്റ് വീതം സ്വന്തനമാക്കി.
രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്. കെ.എല്‍ രാഹുലിന് പകരം ശിഖര്‍ ധവാന് ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ഉമേശ് യാദവിന് പകരം മുഹമ്മദ് ഷമ്മിയും ടീമില്‍ മടങ്ങിയെത്തി.കാന്‍പൂരില്‍ വമ്പന്‍ തോല്‍വി പിണഞ്ഞ ലങ്ക ലഹ്റു തിരിമന്നയ്ക്കും ദാസുന്‍ ഷാകയ്ക്കും പകരമായി ധനഞ്ജയ സില്‍വയും റോഷന് സില്‍വയും ഉള്‍പെടുത്തിയാണ് അവസാന ടെസ്റ്റിനിറങ്ങിയത്. മധ്യനിര ബാറ്റ്സ്മാനായ റോഷന് സില്‍വയുടെ അരങ്ങേറ്റ മത്സരമാണിത്. മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലാണ് ഇന്ത്യ.