അനധികൃത റോഡ് നിര്‍മ്മാണം: മുന്‍മന്ത്രി തോമസ് ചാണ്ടികികെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

 

കോട്ടയം: വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ. കോട്ടയം വിജിലന്‍സ് എസ്.പിയാണ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയപ്രകാരമാണ് കേസെടുക്കാന്‍ ശുപാര്‍ശയുള്ളത്. നിലപാട് നാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവിലാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചത്. ആലപ്പുഴ ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് കണ്ടെത്തിയിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും അദ്ദേഹത്തിനെതിരെ പരാമര്‍ശമുണ്ടായി. തുടര്‍ന്നാണ് പിണറായി വിജയന്‍ മന്ത്രിസഭയിലെ എന്‍.സി.പിയുടെ ഏക മന്ത്രിയായിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ നവംബര്‍ 15ന് മന്ത്രിസ്ഥാനം രാജിവച്ചത്.