ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ എംഎല്‍എ അണികളുടെ തോളിലേറി; വിവാദ വീഡിയോ വൈറലാകുന്നു

ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ ബിജെഡി എംഎല്‍എയെ അണികള്‍ തോളിലേറ്റി കൊണ്ട് പോയത് വിവാദമാകുന്നു. ഒഡീഷയിലെ ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ഒഡീഷയില്‍ ഭരണപക്ഷ പാര്‍ട്ടിയായ ബിജു ജനതാദള്‍ എംഎല്‍എ മനാസ് മഡ്കാമിയെ അനുയായികള്‍ തോളിലെടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

നബരാങ്പൂര്‍ എം.പി ബലഭദ്ര മാഞ്ചിക്കൊപ്പമാണ് മനാസ് മോട്ടു മേഖലയിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനത്തിനെത്തിയത്. കടത്തുകടന്നുവേണമായിരുന്നു സന്ദര്‍ശിക്കേണ്ട സ്ഥലത്ത് എത്താന്‍. ബോട്ടില്‍ കയറാനായുള്ള സ്ഥലത്ത് ചെള്ളിനിറഞ്ഞതിനാല്‍ വെള്ള വസ്ത്രവും ഷൂം ധരിച്ചെത്തിയ എംഎല്‍എ വെള്ളക്കെട്ടിലൂടെ നടക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് അനുയായികള്‍ എംഎല്‍എയെ തോളിലേറ്റി അപ്പുറത്തെത്തിക്കുകയായിരുന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന എം.പി ബലഭദ്ര മാഞ്ചി ചെളി കാര്യമാക്കാതെ നടന്നു നീങ്ങി.

അതേസമയം, തനിക്കെതിരായ വിമര്‍ശനങ്ങള്‍ മാനസ് മഡ്കാമി തള്ളിക്കളഞ്ഞു. അണികള്‍ക്ക് തന്നോടുള്ള സ്‌നേഹവും ബഹുമാനവുമാണെന്നും മഡ്കാമി പ്രതികരിച്ചു. അവര്‍ സ്വമേധയാ തന്നെയെടുത്ത് വെള്ളക്കെട്ടിന് അപ്പുറത്തെത്തിക്കുകയായിരുന്നുവെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്ത് വെള്ളകെട്ടിനപ്പുറത്തെത്തിച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.