ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടുത്തമുണ്ടായതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച രാത്രി നടന്ന അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് നിസാര പരിക്കേറ്റു ഇവരെ കേണല്‍ സൈറ്റില്‍ ചികിത്സയിലാക്കിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ സമി ഖാമിസ് അല്‍ നഖ്ബി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ടവറില്‍ കുടുങ്ങിക്കിടക്കുന്നവരെ കുറിച്ചുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നിട്ടിലെ. ടവറിന് സമീപത്തെ ബില്‍ഡിങ്ങുകളിലെ അളുകളെ സുരക്ഷാ സേന ഒഴിപ്പിച്ചു.
രാത്രി 9.04 നാണ് അബ്കോ ടവറില്‍ തീ പടര്‍ന്നത്. തീപ്പിടിത്തമുണ്ടായതോടെ പെട്ടെന്നുള്ള ഷാര്‍ജ സിവില്‍ ഡിഫന്‍സ് ടീമുകളുടെ ഇടപെടല്‍ വലിയ ദുരന്തത്തെ ഒഴിവാക്കി. മിന, അല്‍ നഹ്ദ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ തീ നിയന്ത്രണ വിധേയമാക്കാന്‍ നിയോഗിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
2006 ല്‍ നിര്‍മ്മിച്ച 45 നില കെട്ടിടത്തിലാണ് അപകടം നടന്നത്. 36 റെസിഡന്‍ഷ്യല്‍ നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും 12 ഫ്ലാറ്റുകളുണ്ട്. ഇവിടെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസ് ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.
എത്ര അപ്പാര്ട്ടുമെന്റുകളെയാണ് ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും എല്ലാ താമസക്കാര്‍ക്കും ഇതര താമസസൗകര്യവും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കെട്ടിട ഉടമയ്ക്ക് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതായും പൊലീസ് പറഞ്ഞു.