വിക്ടേഴ്സ് ചാനലിന് തുടക്കമിട്ടത് 2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് ഔദ്യോഗിക രേഖ. വിക്ടേഴ്സ് ചാനലിന്റെ ആദ്യഘട്ടമായ ഇന്ററാക്ടീവ് സംവിധാനം 2005ല്‍ എ.പി.ജെ അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്തെന്ന് കേരള ഇന്‍ഫ്രസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ വെബ്സൈറ്റിലുണ്ട്. മുന്‍സര്‍ക്കാര്‍ സാങ്കേതികമായ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിച്ചതിനാലാണ് അധികാരത്തിലെത്തി രണ്ടരമാസം കൊണ്ട് വി.എസ് സര്‍ക്കാരിന് പദ്ധതിയുടെ രണ്ടാം ഘട്ടമായ നോണ്ഇന്ററാക്ടീവ് ചാനല്‍ ഉദ്ഘാടനം ചെയ്യാനായത്.
ഇതോടെ വിക്ടേഴ്സ് ചാനലിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള എല്‍.ഡി.എഫിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു.വേഴ്സറ്റൈല്‍ എസിടി എനേബിള്‍ഡ് റിസോഴ്സ് ഫോര്‍ സ്റ്റുഡന്റ്സ് എന്ന പദ്ധതിയുടെ ചുരുക്കരൂപമാണ് വിക്ടേഴ്സ്. ഐ.എസ്.ആര്.ഒ വിക്ഷേപിച്ച എജ്യുസാറ്റ് ഉപഗ്രഹത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന ഈ പദ്ധതി 2005 ജൂലൈ 28ന് അന്ന് രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുള്‍കലാം ഉദ്ഘാടനം ചെയ്തെന്ന് കൈറ്റ് വെബ്സൈറ്റിലും വിക്ടേഴ്സ് ചാനലിന്റെ ഫെയ്സ് ബുക്ക് പേജിലുമുണ്ട്.
രണ്ടുഘട്ടമാണ് ഈ ചാനലിനുള്ളതെന്നും കൈറ്റ് വെബ്സൈറ്റ് വ്യക്തമാക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമടക്കമുള്ള ഇന്ററാക്ടീവ് ശൃംഖലയാണ് ആദ്യത്തേത്. രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഈ പദ്ധതിയാണ് 2005ല്‍ രാഷ്ട്രപതി കലാം ഉദ്ഘാടനം ചെയ്തത്.