വിക്ടേഴ്‌സ് ചാനലില്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു


സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ യുവജനകമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. അധ്യാപകര്‍ക്കെതിരെ ലൈംഗികചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമെന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ്.

വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാണ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും മുടക്കം വരാതെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയനം ഒരുക്കാന്‍ മാതൃകാപരമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും അധ്യാപകരുമെല്ലാം വിശ്രമമില്ലാതെ കര്‍മ്മനിരതരാകുമ്പോള്‍ അവരെ അപമാനിച്ച് ആത്മനിര്‍വൃതി കൊള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം അറിയിച്ചു.

അധ്യാപികമാരുടെ ചിത്രങ്ങള്‍ വരെ മോശമായ വിധത്തില്‍ ഉപയോഗിച്ചിരിക്കുന്നു. അറപ്പുളവാക്കുന്ന ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുള്ള പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് യുവജനകമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപെട്ടു.ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും
സൈബറിനടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകണമെന്നും യുവജനകമ്മീഷന്‍ ആവശ്യപ്പെട്ടു.

SHARE