ഉപരാഷ്ട്രപതിക്കു പോലും രക്ഷയില്ല, ഷൂ ആരോ അടിച്ചുമാറ്റി അതും ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന്

 

ഉപരാഷ്ട്രപതിക്ക് വരെ മോഷ്ടാക്കളില്‍ നിന്ന് രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. ബംഗളുരു സെന്‍ട്രലിലെ ബി.ജെ.പി. പാര്‍ലമെന്റംഗം പി.സി. മോഹന്റെ വീട്ടിലെത്തിയപ്പോഴാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂസ് ആരോ അടിച്ചുമാറ്റിയത് അറിയുന്നത്. എംപിയെക്കണ്ട് തിരിച്ചുപോകാനിറങ്ങിയപ്പോള്‍ ഷൂസ് കാണാതാവുകയായിരുന്നു.
ഔദ്യോഗികപരിപാടികക്ക് ബംഗളുരുവിലെത്തിയതാണ് ഉപരാഷ്ട്രപതി. കര്‍ണാടകത്തിലെ എം.എല്‍. എമാര്‍ ഉള്‍പ്പെടെയുള്ള അഭ്യുദയകാംക്ഷികളുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം എം.പിയുടെ വീട്ടിലെത്തിയത്. അവിടെ ഉപരാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ എംപി പ്രാതല്‍ വിരുന്ന് ഒരുക്കിയിരുന്നു.

ഷൂ കാണാതായതോടെ അങ്കലാപ്പിലായ ഗാര്‍ഡുമാരും ജീവനക്കാരും വീട്ടുവളപ്പിലെ മുക്കും മൂലയും അരിച്ചുപെറുക്കി എന്നാണ് വാര്‍ത്ത. എന്നിട്ടും ഷൂസ് കിട്ടിയില്ല. അംഗരക്ഷകര്‍ ഉടന്‍ അടുത്തുള്ള കടയിലേക്കു പാഞ്ഞു. അവര്‍ എത്തിച്ച പുതിയ ഷൂസും ധരിച്ച് ഉപരാഷ്ട്രപതി യാത്രയായി.

എന്നാലും ഉപരാഷ്ട്രപതിയെപ്പോലൊരു വിവിഐപിയുടെ ഷൂസ് എംപിയുടെ വീടുപോലൊരു സ്ഥലത്ത് സകലമാനസുരക്ഷാവലയവും ഭേദിച്ച് ആരു കടത്തി എന്ന ചോദ്യം ബാക്കിയാണ്.

വിരുന്നിനു ക്ഷണിക്കപ്പെട്ട വിഐപികളത്രയും എംപിയുടെ വീട്ടിലുണ്ടായിരുന്നു.കേന്ദ്രമന്ത്രി സദാനന്ദഗൗഡ, എം.എല്‍.എമാരായ സി.ടി. രവി, ജഗദീഷ് ഷെട്ടര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.ഒപ്പം, ഉപരാഷ്ട്രപതിയെ കാണാന്‍ വന്‍ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു. അവരില്‍ ആരെങ്കിലും ഷൂ മാറിയെടുത്തതാകാം എന്നാണ് ഇപ്പോള്‍ പോലീസിന്റെ നിഗമനം.

SHARE